
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. മണ്ഡലത്തിൽ എം സ്വരാജ് ജയിക്കും എന്ന വാക്ക് മാത്രമാണ് ഉയരുന്നത്. എന്തുകൊണ്ട് എം സ്വരാജ് വിജയിക്കണം എന്ന് എഴുതുകയാണ് എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമാണ് ജി.പി രാമചന്ദ്രൻ. രാഷ്ട്രീയത്തെ അതിന്റെ എല്ലാ ഗൗരവത്തോടെയും പ്രസക്തിയോടെയും സങ്കീർണ്ണതകളോടെയും സൂക്ഷ്മതകളോടെയും സമീപിക്കുകയും പരിശോധിക്കുകയും ഇടപെടുകയും അതിനനുസൃതമായ അഭിപ്രായം കാച്ചിക്കുറുക്കി ഉന്നയിക്കുകയും ചെയ്യുന്ന നേതാവാണ് എം സ്വരാജ് എന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
Also read: ഭീഷണിപ്പെടുത്തി, ജാതീയമായും മാനസികമായും അധിക്ഷേപിച്ചു: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ
കുറിപ്പിന്റെ പൂർണ രൂപം:
കേന്ദ്രത്തിലെ നവ ഫാ-സിസ്റ്റ് ഭരണകൂടത്തിന്റെ കേരള വിരുദ്ധാഖ്യാന – നടപടികളിലൂടെയും മാധ്യമങ്ങളുടെ സത്യാനന്തര നിർമ്മിതികളിലൂടെയും യു ഡി എഫ് വലതുപക്ഷത്തിന്റെ പൈങ്കിളി വത്ക്കരണത്തിലൂടെയും മറ്റും കേരള രാഷ്ട്രീയം, ജനാധിപത്യത്തിന്റെ തെളിച്ചവും സുതാര്യതയും നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന ദുസ്സഹമായ അവസ്ഥയിലാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയുടെ സാംസ്കാരിക വൈവിദ്ധ്യവും പാർലമെന്ററി ജനാധിപത്യവും ഭരണഘടനയും ഭരണഘടനാധിഷ്ഠിതമായ സ്ഥാപനങ്ങളും എല്ലാം അതിന്റെ പ്രസക്തിയും ചരിത്രപരമായി ആർജ്ജിച്ച ഗാംഭീര്യവും തുടർന്നുള്ള കാലത്തും നിലനിർത്തപ്പെടേണ്ടതും പരിപോഷിപ്പിക്കപ്പെടേണ്ടതും കാലത്തിന്റെയും രാഷ്ട്രത്തിന്റെയും അനിവാര്യതയാണ്.
ആ അടിസ്ഥാനത്തിൽ ആലോചിക്കുമ്പോഴാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്, കേരളത്തിന്റെ ഭാവിയ്ക്കും ഇന്ത്യ എന്ന ആശയത്തിന്റെ നിലനില്പിന് കേരളം കാണിച്ചു കൊണ്ടിരിക്കുന്ന മാതൃകകൾക്കും മികച്ച ഉദാഹരണമായിരിക്കും സംഭാവന ചെയ്യാൻ പോകുന്നത് എന്ന കാര്യം മനസ്സിലാവുക.
സമഗ്രവും ചരിത്രപരവും കാലികവുമായ ഈ രാഷ്ട്രീയ ധാരണ മനസ്സിലുണ്ടെങ്കിൽ, എന്തുകൊണ്ടാണ് എം സ്വരാജിന്റെ വിജയം അനിവാര്യമാകുന്നതെന്ന് ഓരോ കേരളീയർക്കും ബോധ്യപ്പെടും.
തൊഴിലാളി സമരങ്ങളുടെയും ജന മുന്നേറ്റങ്ങളുടെയും ആവിഷ്കാര സ്വാതന്ത്യത്തിനായുള്ള പോരാട്ടങ്ങളുടെയും ത്രസിപ്പിക്കുന്ന ചരിത്രമാണ് നിലമ്പൂരിനുള്ളത്. സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വം, നിലമ്പൂർ ആയിഷയുടെ കലാസാംസ്കാരിക വ്യക്തിത്വത്തിനു വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടവീര്യം, രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷികൾ എന്ന സിനിമയിലൂടെ അടയാളപ്പെടുത്തപ്പെട്ട നിലമ്പൂരിന്റെ സമരോത്സുകപ്രാധാന്യം ഇതൊന്നും നമുക്ക് ഒരു കാലത്തും വിസ്മരിക്കാനാവില്ല.
രാഷ്ട്രീയത്തെ അതിന്റെ എല്ലാ ഗൗരവത്തോടെയും പ്രസക്തിയോടെയും സങ്കീർണ്ണതകളോടെയും സൂക്ഷ്മതകളോടെയും സമീപിക്കുകയും പരിശോധിക്കുകയും ഇടപെടുകയും അതിനനുസൃതമായ അഭിപ്രായം കാച്ചിക്കുറുക്കി ഉന്നയിക്കുകയും ചെയ്യുന്ന നേതാവെന്ന നിലയിൽ സഖാവ് എം സ്വരാജിനെ അതീവ താല്പര്യത്തോടെയും അനുഭാവത്തോടെയുമാണ് കേരളം പിന്തുടരുന്നത്.
സാംസ്കാരിക മേഖല എന്നത് സ്വരാജിന് നേരമ്പോക്കിനോ ഇക്കിളിയ്ക്കോ ഉള്ള ഒരു ഉപായമല്ല. അത് കാലത്തെയും ദേശത്തെയും ഭാഷയെയും മനുഷ്യരെയും അവരുടെ ജീവിതത്തെയും പ്രകൃതിയെയും ഭാവനയെയും സങ്കല്പനങ്ങളെയും നിർണയിക്കുന്ന മർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.
സ്വരാജ് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്തു തന്നെ രൂപപ്പെട്ട സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്നതും സംവാദങ്ങൾക്കായി തുറന്നിട്ട ഒരു വാതിൽ ഞങ്ങൾക്കിടയിലുണ്ടെന്നതുമാണ് എനിയ്ക്ക് ഈ തെരഞ്ഞെടുപ്പ് ഏറെ ആഹ്ലാദഭരിതമാക്കുന്ന കാര്യം. അദ്ദേഹം ഡിവൈഎഫ് ഐ സംസ്ഥാന നേതൃത്വത്തിൽ വരുന്നതിനു മുമ്പുതന്നെ ഞാൻ യുവധാരയിൽ ആരംഭിച്ച ലോക സിനിമാ പരിചയം എന്ന പംക്തി അദ്ദേഹത്തിന്റെ ചുമതലക്കാലം മുഴുവനും പിന്നീടും തുടരാനായി. മാത്രമല്ല, സ്വരാജ് ഡിവൈ എഫ് ഐ നേതാവായിരുന്നപ്പോൾ യുവധാര പുസ്തകപ്രകാശനം നടത്താൻ തീരുമാനിച്ചു. അതിനായി തെരഞ്ഞെടുത്തത് എന്റെ ലോക സിനിമാ ഡയറി എന്ന പുസ്തകമായിരുന്നു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സ്വരാജിന്റെയും മറ്റ് സമുന്നതരായ ഡിവൈ എഫ് ഐ നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഈ പുസ്തകം മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ , പ്രിയ സഖാവ് വി കെ ജോസഫിന് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചത് എന്റെ രചനാ ജീവിതത്തിലെ മഹനീയമായ ഏടായി ഞാൻ കണക്കാക്കുന്നു.
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച സിനിമയും ദേശീയതയും എന്ന ഞാൻ എഡിറ്റ് ചെയ്ത പുസ്തകം ഐ എഫ് എഫ് കെ ഓപ്പൺ ഫോറത്തിൽ സഖാവ് ഷിജൂഖാന് നൽകി സ്വരാജ് പ്രകാശനം ചെയ്തതും ഇതിന്റെ തുടർച്ച. ലോക സിനിമയെ സംബന്ധിച്ചും മലയാള സിനിമയെ സംബന്ധിച്ചും എല്ലാം സുവ്യക്തമായ അഭിപ്രായങ്ങൾ ഉള്ള മികച്ച കാണിയുമാണ് സഖാവ് എം സ്വരാജ്. സ്വരാജിന്റെ വിജയത്തിലൂടെ നിലമ്പൂരിന്റെയും കേരളത്തിന്റെയും അഭിമാനം നമുക്ക് കൂടുതൽ പ്രോജ്വലമാക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

