
ആനക്കലിയിൽ ജീവൻ പൊലിയുമ്പോൾ അതിനെ ലഘൂകരിക്കുന്ന പ്രതികരണങ്ങളാണ് യുഡിഎഫ് വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നും ഒറ്റമൂലി ഇല്ലെന്നുമാണ് വിഷയത്തിൽ വനം മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതികരണങ്ങൾ. എന്നാൽ പ്രതിപക്ഷത്തിരുന്നപ്പോൾ വന്യജീവി ശല്യം തീർക്കാൻ ഒരു ഒറ്റമൂലി അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രിയുമായ വി ഡി സതീശൻ പറഞ്ഞതിപ്പോഴും സൈബറിടത്തിൽ ഉണ്ട്.
ഭരണത്തിലേറി ആഴ്ചകൾക്കുള്ളിൽ സമ്പൂർണ പരാജയമാണ് സർക്കാർ എന്ന പ്രതീതി ജനങ്ങൾക്കുണ്ടായി കഴിഞ്ഞു. നൽകിയ വാഗ്ദാനങ്ങളിൽ നിന്നെല്ലാം മലക്കം മറിയുകയും ചെയ്തു. വന്യജീവി ആക്രമണത്തിലാണെങ്കിൽ നിരുത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിക്കുന്നതും. വിഷയത്തിൽ ആക്ഷേപഹാസ്യ രൂപത്തിൽ മേഖാനന്ദ് എൻ ഇ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പ് ശ്രദ്ധ നേടുന്നു.
കുറുപ്പിന്റെ പൂർണരൂപം
കമ്മികൾ ഭരിച്ചപ്പോൾ ആന ആളെ കൊന്നാൽ, മൃതദേഹവുമായി റോഡുപരോധം, ശശീന്ദ്രൻ പൊങ്കാല പോലുള്ള കലാപരിപാടികൾ സർവ്വസാധാരണമായിരുന്നു.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന പൂജനീയ സതീശൻ ജി, വന്യജീവി ശല്യം തീർക്കാൻ ഒരു ഒറ്റമൂലി നിർദ്ദേശിച്ചതിൻ്റെ വീഡിയോ സൈബറിടത്തിൽ പറന്നു നടക്കുന്നുണ്ട്. ജി പറഞ്ഞത് ഏതാണ്ടിപ്രകാരമാണ് –
” കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവുമില്ല.
അത് ആവശ്യത്തിനത്തിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല” .
സതീശൻ സാറിൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കൊച്ചി MLA ഷിയാസ് സാർ.. രോഷാകുലനായി വനം ഉദ്യോഗസ്ഥരുടെ മെയ്ക്കിട്ട് കയറുന്ന ദൃശ്യങ്ങളും പറന്നു നടക്കുന്നുണ്ട്.
മലയോര മേഖലയിലെ അച്ചന്മാരും മാധ്യമങ്ങളും ഒത്തുചേർന്ന് ” ആളെ കൊല്ലാൻ പിണറായി ആനയെ വിളിച്ചു വരുത്തി ” എന്ന സംഘഗാനമാലപിച്ചതിൻ്റെ ഗുണവും സതീശനു കിട്ടി. കാട് അതിരിടുന്ന എല്ലാ മണ്ഡലത്തിലും കമ്മികൾ തറ തൊടാതെ തോറ്റു. പുതിയ സർക്കാർ വന്നു … ഷിബു സാർ ആദ്യ കോമഡി പറഞ്ഞു.
സർക്കാരല്ലേ മാറിയുള്ളൂ …. ഉദ്യോഗസ്ഥരും ആനയും പിണറായിക്കാലത്തേതല്ലേ ” .
എന്തായാലും 18 ദിവസത്തിനകം 5 പേരെ ആന പഞ്ചറാക്കി. ഒരു പക്ഷെ മകളെ ED പഞ്ഞിക്കിടുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പിണറായി പറഞ്ഞയച്ചതുമാവാം. ഏതെങ്കിലും ഒരാനയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മണി മണിയായി സത്യം പറയും .സ അതൊക്കെ അവിടെ നിൽക്കട്ടെ. സതീശൻ ജി പറഞ്ഞ രീതിയിൽ ” ഭക്ഷ്യ പ്രശ്നം ” ഉടൻ പരിഹരിക്കാമല്ലോ. സൊമാറ്റോ , സ്വിഗി പോലുള്ള ഭക്ഷ്യ വിതരണക്കമ്പനിയുമായി സർക്കാർ ഉടൻ ധാരണാ പത്രം ഒപ്പിടണം.
ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങി , എല്ലാ ആനകൾക്കും O T P നൽകി രജിസ്റ്റർ ചെയ്യിപ്പിച്ച് , അവർ നൽകുന്ന ഓർഡർ പ്രകാരം ഫുഡ് കൊടുത്താൽ തീരാവുന്നതേയുള്ളൂ . സാറിൽ ആനകൾക്ക് നല്ല പ്രതീക്ഷയുണ്ട്. എങ്കിലും ചില കമ്മി ആനകൾ തോന്യാസം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

