‘വയോജന നയം കാലാനുസൃതമായി പരിഷ്‌കരിക്കും’: മുഖ്യമന്ത്രി

വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കരട് തയ്യാറാക്കാന്‍ ആര്‍ദ്രം മിഷന്‍ ഉന്നതതലയോഗത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്തും. അപകടം, രോഗം മുതലായവമൂലം വൈകല്യങ്ങള്‍ സംഭവിച്ച് വീടുകളില്‍ കഴിയേണ്ടിവരുന്നവരെ പൊതുജന പങ്കാളിത്തത്തോടെ സാമൂഹ്യപരമായും തൊഴില്‍പരമായും പുനഃരധിവസിപ്പിക്കുന്നതിന് മറ്റു വകുപ്പുകളുടെ കൂടി പങ്കാളിത്തത്തോടെ സമഗ്ര പുനഃരധിവാസനയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം. എല്ലാ ജില്ലകളിലും ലഹരിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമായി കേരളം മാറും. മലേറിയ 2025 ഓടെയും മന്ത് 2027 ഓടെയും കാലാ അസര്‍ 2026 ഓടെയും ക്ഷയം 2025 ഓടെയും നിര്‍മാര്‍ജനം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ പ്രത്യേക കര്‍മ്മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗ സാധ്യതയുള്ളവരെ കുടുംബാരോഗ്യ കേന്ദ്രം മുതലുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ആവശ്യമുള്ളവരുടെ സാമ്പിള്‍ ശേഖരിച്ച് ജില്ലാതല ലാബുകളില്‍ അയച്ച് രോഗ നിര്‍ണയം നടത്തുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടെലിമെഡിസിന്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനക്ഷമമാണ്. അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ 33 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്.എം.എ രോഗമുള്ള 34 കുട്ടികള്‍ക്ക് ചികിത്സ നല്‍കി വരുന്നുണ്ട്. വിവധ ക്യാമ്പയിനിന്റെ ഭാഗമായി വിളര്‍ച്ച കണ്ടെത്തിയവര്‍ക്ക് തുടര്‍പരിശോധനകളും മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News