
തമിഴ്‌നാട്ടില്‍ ഭരണപക്ഷമായ ഡിഎംകെയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തുകയും തങ്ങളുടെ എതിരാളികളാണ് ഡിഎംകെയെന്ന് പല നിലപാടുകളിലൂടെയും വ്യക്തമാക്കുകയും ചെയ്ത പാര്‍ട്ടിയാണ് നടന്‍ വിജയുടെ തമിഴഗ വെട്രി ഘടകം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയുമായി വരെ സഖ്യമുണ്ടാക്കാന്‍ വിജയ് തയ്യാറാണെന്ന റിപ്പോര്‍ട്ടുകളും ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തമിഴ്‌സിനിമാ മേഖലയില്‍ നിന്നും കമല്‍ഹാസന്‍, അന്തരിച്ച നടന്‍ വിജയകാന്ത് എന്നിവരടക്കം രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും വലിയൊരു ജനപ്രീതി രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഇരുവര്‍ക്കുമായിട്ടില്ല. വിജയകാന്തിന്റെ ഡിഎംഡിക്കെ 2006ല്‍ നിയമസഭ തെരഞ്ഞെടുപ്പിലും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 2006 നിയമസഭ തെരഞ്ഞടുപ്പില്‍ എട്ട് ശതമാനം വോട്ടു നേടിയ വിജയകാന്തിന്റെ പാര്‍ട്ടിക്ക് ആകെ ലഭിച്ചത് ഒരു സീറ്റായിരുന്നു. 2011ല്‍ എഐഎഡിഎംകെയുമായി സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ 28 സീറ്റുകള്‍ നേടിയത് മാത്രമാണ് ഒരു വലിയ വിജയമെന്ന് പറയാവുന്നത്. അതേസമയം 2019ലും 2021ലും കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നിരാശയായിരുന്നു ഫലം.
എഐഎഡിഎംകെയും ഡിഎംകെയുമാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുക. വോട്ടു ഷെയര്‍ എത്ര കുറഞ്ഞാലും ഈ രണ്ട് പാര്‍ട്ടികള്‍ക്കും പിന്നാലാകാനാണ് ഇതുവരെയും ബിജെപി ഉള്‍പ്പെടെയുള്ള മറ്റഅ പാര്‍ട്ടികളുടെ വിധി. ഈയൊരു സാഹചര്യത്തിലാവണം ഇക്കഴിഞ്ഞ ഒക്ടോബറില്‍ സഖ്യ സര്‍ക്കാരിന്റെ സാധ്യതയെ കുറിച്ച് വിജയ് സംസാരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ തമിഴ്‌നാട്ടിലുണ്ടായ ചില സംഭവങ്ങളില്‍ എഐഎഡിഎംകെയും ടിവികെയും ബിജെപിയും ഒരുമിച്ചാണ് ഡിഎംകെയ്ക്ക് എതിരെ രംഗത്തെത്തിയത്. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസില്‍ വിജയ് ഗവര്‍ണറെ കണ്ടിരുന്നു. ഇതേസമയം പലവിധ പ്രതിഷേധ പ്രകടനവുമായി ബിജെപിയുടെ അണ്ണാമലൈയും എഐഎഡിഎംകെയും ഒപ്പമുണ്ടായിരുന്നു.
ALSO READ: അതിരപ്പിള്ളി ആനയ്ക്ക് ചികിത്സ നല്‍കി; തുടര്‍ നിരീക്ഷണം ഏര്‍പ്പെടുത്തും
ഇതിന് പിന്നാലെ മൂന്ന് പാര്‍ട്ടികളും ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഫെബ്രുവരി അഞ്ചിന് നിശ്ചയിച്ചിട്ടുള്ള ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ബിജെപിയും എഐഎഡിഎംകെയും കൈക്കരുത്ത് കൊണ്ട് ഡിഎംകെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ വിജയ് അഭിപ്രായപ്പെട്ട് ഡിഎംകെ ഉപതെരഞ്ഞെടുപ്പിനെ പരിഹാസ്യമാക്കുകയാണെന്നാണ്. ഈ മൂന്ന് പാര്‍ട്ടികള്‍ക്കും ഭരണത്തില്‍ നിന്നും ഡിഎംകെയെ പുറത്താക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് വീണ്ടും ഒരു തിരിച്ചുവരവിന് ആരുടെയെങ്കിലും പിന്തുണ എഐഎഡിഎംകെയ്ക്കും വേണം. ഇതൊക്കെ രാഷ്ട്രീയ നിരീക്ഷകര്‍ കൃത്യമായി തന്നെ മനസിലാക്കുന്നുമുണ്ട്. മൂന്നു വര്‍ഷമായി നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണ് എഐഎഡിഎംകെ. തിരിച്ചുവരവ് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. അതേസമയം വിജയ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ത്രികോണ മത്സരമാകും. ഡിഎംകെ വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടും. അത് ഭരണപക്ഷത്തിന് അനുകൂലമാകും.
ALSO READ: വയനാട്ടിലെ ആളെക്കൊല്ലി കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്
ബിജെപിക്ക് മുന്നിലുള്ള വഴി കഠിനമാണ്. ദ്രാവിഡ രാഷ്ട്രീയം ശക്തമായ തമിഴ്‌നാട്ടില്‍ ബിജെപിക്ക് വലിയ വെല്ലുവിളികള്‍ തന്നെയാണുള്ളതും. അതേസമയം ടിവികെയ്ക്കും എഐഎഡിഎംകെയ്ക്കും ഡിഎംകെയെ വെല്ലുവിളിക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണയും ആവശ്യമാണ്. ഇതോടെ സഖ്യ സാധ്യത തള്ളികളയാനും കഴിയില്ല. എഐഎഡിഎംകെ വിജയ്‌ക്കൊപ്പം ചേര്‍ന്നാല്‍ വലിയ മാറ്റം തന്നെ കൊണ്ടുവരാം. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ചിലപ്പോള്‍ വിജയ്ക്കും സീറ്റൊന്നും നേടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകും. എന്നാല്‍ വോട്ട് ഷെയര്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ എഐഎഡിഎംകെയും ടിവികെയും ബിജെപിയും ഒരുമിച്ചെന്നിരിക്കെ മുഖ്യമന്ത്രി പദത്തിലാരെത്തും എന്നത് ഒരു പ്രശ്‌നം തന്നെയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

