
പ്രശസ്ത സീരിയൽ താരം സിദ്ധാർത്ഥ് വേണുഗോപാൽ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നടി സീമാ ജി നായരാണ് സിദ്ധാർത്ഥിന്റെ മരണവിവരം പങ്കുവച്ചത്. ക്യാൻസർ ബാധിതനായി സിദ്ധാർത്ഥ് കഴിഞ്ഞ രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു. ചാലക്കുടി സ്വദേശിയായ സിദ്ധാർത്ഥ് കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിലൂടെയാണ് ശ്രദ്ധേയനായത്. സീമാ ജി നായരായിരുന്നു സിദ്ധാർത്ഥിന്റെ ചികിത്സയ്ക്കായുള്ള സഹായങ്ങൾ ചെയ്തുകൊടുത്ത് ഒപ്പമുണ്ടായിരുന്നത്.
അഭിനയരംഗത്ത് സജീവമാകാനുള്ള ശ്രമത്തിനിടയിലായിരുന്നു സിദ്ധാർത്ഥ് തന്റെ അസുഖവിവരം അറിഞ്ഞത്. അച്ഛനും അമ്മയും സഹോദരനും അടങ്ങിയ കൊച്ചുകുടുംബമായിരുന്നു നടന്‍റേത്. കുറച്ചുവർഷങ്ങൾക്ക് മുൻപാണ് സിദ്ധാർത്ഥിന്റെ അച്ഛൻ മരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്ന് സിദ്ധാർത്ഥ് നേരത്തെ പറഞ്ഞിരുന്നു.
സീരിയലുകളിൽ സജീവമായ സിദ്ധാർത്ഥ് തിരുവനന്തപുരത്തായിരുന്നു താമസം. ചെറുപ്പം മുതൽക്കേ പ്രൊഫഷണൽ നാടകങ്ങളിൽ സജീവമായിരുന്ന സിദ്ധാർത്ഥ് അവതാരക രംഗത്തേക്ക് മാറുകയായിരുന്നു. തുടർന്നാണ് സീരിയലിലേക്കും സജീവമായത്. നടനും സിനിമാ നിർമാതാവുമായ അരുൺ ഘോഷാണ് സിദ്ധാർത്ഥിന് സീരിയലിൽ അവസരം നൽകുന്നത്. തന്റെ ലക്ഷ്യം സിനിമയാണെന്നും ഉടനെ വിവാഹം കഴിക്കില്ലെന്നും നടൻ മുൻപ് പറഞ്ഞിരുന്നു. ആദ്യം കരിയർ സെറ്റാക്കുക, പ്രണയിച്ച് വിവാഹം കഴിക്കണം, പ്രമുഖ ടെലിവിഷൻ പരിപാടിയിൽ
പങ്കെടുക്കുക തുടങ്ങിയവയാണ് ആഗ്രഹമെന്നും സിദ്ധാർത്ഥ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

