
യാത്രകൾ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. പുതിയ സ്ഥലങ്ങൾ കാണുക, അവിടെയുള്ള പല സംസ്കാരങ്ങൾ മനസിലാക്കുക എന്നിവയെല്ലാം പല പുതിയ അറിവുകളാണ് നമുക്ക് നൽകുന്നത്. പല ആളുകളുടെയും യാത്രകൾ ഒറ്റയ്ക്കായിരിക്കും. അതുകൊണ്ട് തന്നെ സ്വന്തം സുരക്ഷ ഉറപ്പാക്കേണ്ടത് അവർ തന്നെയാണ്. ഹോട്ടലുകളിലും മറ്റും താമസിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. കാരണം, അവിടെ നമ്മളെ നിരീക്ഷിക്കാൻ മറ്റ് കണ്ണുകളും കാണാം. ഒളിഞ്ഞിരിക്കുന്ന കാമറ കണ്ണുകളെ കണ്ടുപിടിക്കാൻ പല ആപ്പുകളും ഇന്ന് ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇവിടെ ഒരു യുവതി തന്റെ സ്വകാര്യത ഉറപ്പാക്കാൻ കണ്ടുപിടിച്ച മാർഗമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഹോട്ടൽ കിടക്കയ്ക്ക് മുകളിൽ ഒരു കൂടാരം നിർമ്മിച്ചുകൊണ്ടാണ് യുവതി കാമറ കണ്ണുകളിൽ നിന്ന് സ്വയം രക്ഷ നേടിയത്. യുവതിയുടെ ഈ പ്രവർത്തി പെട്ടെന്ന് തന്നെ വൈറലായി മാറുകയും പല ചർച്ചകൾക്ക് വഴി വയ്ക്കുകയും ചെയ്തു.
ALSO READ: യു എസ് ൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു
ഹോട്ടൽ മുറികളിൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള അവരുടെ ക്രിയേറ്റീവ് സമീപനം ചൈനയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ സുരക്ഷാ ആശങ്കകളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിൽ നിന്നുള്ള ആ സ്ത്രീ, തന്റെ ഹോട്ടൽ മുറിയിൽ നിന്ന് കിട്ടിയ വസ്തുക്കൾ ഉപയോഗിച്ചാണ് കിടക്കയ്ക്ക് മുകളിൽ ഒരു കൂടാരം പണിതത്. അത് എങ്ങനെയാണ് നിർമ്മിച്ചത് എന്നുകാണിക്കുന്ന വീഡിയോയാണ് ഇവർ പങ്കുവച്ചത്.
“ഹോട്ടൽ അതിഥികളെ രഹസ്യമായി സ്പൈ കാമറകൾ വഴി നിരീക്ഷിക്കുന്നതിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഞാൻ വായിച്ചിട്ടുണ്ട്. ഒളിഞ്ഞുനോക്കുന്ന കണ്ണുകളിൽ നിന്ന് സ്വയം പൂർണ്ണമായും സംരക്ഷിക്കുക അസാധ്യമാണെന്ന് തോന്നുന്നു, അത് എന്നെ വളരെയധികം വിഷമിപ്പിക്കുന്നു,” എന്നവർ പ്രാദേശിക ചൈനീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
യാത്ര ചെയ്യുമ്പോൾ സ്വകാര്യത നിലനിർത്താൻ, കിടക്കയ്ക്ക് മുകളിൽ ഒരു ടെന്റ് വാങ്ങുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചു. എന്നാൽ ഹോട്ടൽ താമസത്തേക്കാൾ ടെന്റുകൾ കൂടുതൽ ചെലവേറിയതായിരിക്കാമെന്നും ഉറങ്ങുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും തോന്നിയതോടെ ആ ശ്രമം ഉപേക്ഷിച്ചു.
പകരം, നിത്യോപയോഗ സാധനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചു. സാധാരണയായി ഫർണിച്ചറുകൾ മൂടാൻ ഉപയോഗിക്കുന്ന ഷീറ്റും നീണ്ട കയറും ഉപയോഗിച്ചാണ് കൂടാരം നിർമ്മിച്ചത്. ഈ ചെലവ് കുറഞ്ഞ രീതി വ്യക്തിഗത സുരക്ഷയ്ക്ക് എളുപ്പമുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
ഹോട്ടൽ മുറികളിൽ ഒളിഞ്ഞിരിക്കുന്ന കാമറകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയാണ്. 2023-ൽ, മലേഷ്യയിലെ ഒരു Airbnb-യിൽ താമസിക്കുന്ന ഒരു ചൈനീസ് ദമ്പതികൾ, അവരുടെ കിടക്കയ്ക്ക് നേരെ അഭിമുഖമായി, ഒരു പവർ സോക്കറ്റിനുള്ളിൽ മറഞ്ഞിരിക്കുന്ന സ്പൈ കാമറ കണ്ടെത്തിയിരുന്നു.
ഇത്തരം സംഭവങ്ങൾക്ക് മറുപടിയായി, ഫെബ്രുവരിയിൽ ഹോട്ടലുകളിൽ അതിഥി മുറികളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയന്ത്രണങ്ങൾ കൊണ്ടുവന്ന രാജ്യത്തെ ആദ്യത്തെ മേഖലയായി തെക്കൻ ചൈന മാറി.
സ്ത്രീയുടെ ഈ പുതിയ പരിഹാരമാർഗം ഒരുപാട് ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. വളരെ നല്ല മാർഗമാണിതെന്നും മറ്റുമുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ “ഇതൊരു നല്ല ആശയമാണ്. പക്ഷേ, ബാത്ത്റൂം ഉപയോഗിക്കുമ്പോഴോ കുളിക്കുമ്പോഴോ എന്ത് ചെയ്യും?” എന്നും കമന്റുകൾ വരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

