ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ 28കാരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്‌റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. 2022 ഫെബ്രുവരി 10 ന് ഒരു അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം താന്‍ നേരിട്ട ദുരനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് സംഗീത. ഭര്‍ത്താവ് മരിച്ചതോടെ സൂറത്തിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി. തന്റെ സ്വഭാവ ശുദ്ധി തെളിയിക്കാന്‍ സതി അനുഷ്ഠിക്കാന്‍ ഭര്‍ത്താവിന്റെ അമ്മയും കുടുംബത്തിലെ മറ്റ് നാല് ആളുകളും നിര്‍ബന്ധിച്ചിരുന്നതായി സംഗീത കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

യുവതിയുടെ പിതാവ് രമേഷ് സബര്‍മതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ മകളുടെ ഭര്‍തൃമാതാവും കുടുംബത്തിലെ മറ്റ് നാല് പേരും ചേര്‍ന്ന് സംഗീതയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണശേഷം സംഗീത വിഷാദത്തിലായിരുന്നുവെന്നും രമേശ് ആരോപിച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ പരിഹസിക്കപ്പെട്ടതില്‍ മടുത്തുവെന്നും തുടര്‍ന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയെന്നും സംഗീതയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here