താടിയും മീശയും വളർന്നു, കുടുംബം തകർന്നു, തളരാതെ ജീവിതം തിരിച്ചുപിടിച്ച് പഞ്ചാബി പെൺകുട്ടി

നിനക്ക് മീശയും താടിയുമൊക്കെ മുളച്ചല്ലോ, നീയെന്താ ആണാണോ? മിക്ക പെൺകുട്ടികളും കേൾക്കാറുള്ള ചോദ്യമാണിത്. ചിലരൊക്കെയാകട്ടെ ഇത് കേട്ടപാടെ മൂഡോഫിലേക്ക് പോകാറുമുണ്ട്. സ്വന്തം ശരീരത്തിലെ മാറ്റങ്ങൾ അംഗീകരിക്കാനും, നമ്മളായി നിൽക്കാനും കഴിയാത്തിടത്തോളം കാലം ഇത്തരം അഭിപ്രായങ്ങളൊക്കെ നമ്മെ അലട്ടിക്കൊണ്ടേയിരിക്കും. എന്നാൽ അത്തരം അഭിപ്രായപ്രകടനങ്ങളിലൊന്നും വീണുപോകാത്ത, താടിയും മീശയുമുള്ള ‘ഒരു പെണ്ണി’ന്റെ ജീവിതമാണ് ഇനി പറയുന്നത്.

പഞ്ചാബിൽ നിന്നുള്ള മൺദീപ് കൗറിന്റെ ജീവിത കഥയാണിത്. 2012 -ലായിരുന്നു മൺദീപിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷം കഴിഞ്ഞപ്പോഴാണ് യുവതിയുടെ ജീവിതത്തിൽ ചില പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടായത്. മൺദീപിന് താടിയും മീശയും വളരാൻ തുടങ്ങി. അപ്രതീക്ഷിതമായ ഈ മാറ്റം ഭർത്താവ് ഉൾക്കൊണ്ടില്ല. വിവാഹമോചനം നേടി. പിന്നീടങ്ങോട്ട് അവളുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല.

ശാരീരികമായ മാറ്റവും വിവാഹമോചനവും അവളെ ആകെ തകർത്തു കളഞ്ഞു. വിഷാദത്തിലേക്ക് വഴുതി വീണു. അങ്ങനെയാണ് ഗുരുദ്വാര സന്ദർശിക്കുന്നത്. പിന്നീടത് പതിവായി. വിഷാദത്തിൽ നിന്നും പതിയെ കര കയറാൻ താനെങ്ങനെയാണോ അതുപോലെതന്നെ ജീവിക്കണമെന്ന തിരിച്ചറിവിലേക്ക് അവളെത്തി. അതിലവൾ ഉറച്ചുവിശ്വസിച്ചു. അതിനുശേഷം അവളൊരിക്കലും തന്റെ മുഖത്ത്‌ വളർന്ന രോമങ്ങളെ ഓർത്ത് വിഷമിച്ചിട്ടില്ല. രോമം ഷേവ് ചെയ്തില്ല. സധൈര്യം വളർത്തി. ഒപ്പം ഒരു തലപ്പാവ് കൂടി ധരിച്ചു.

താടിയും തലപ്പാവുമായി മോട്ടോർബൈക്ക് ഓടിച്ച് പോകുന്ന തന്നെ പലരും പുരുഷനായി തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് മൺദീപ് പറയുന്നു. പുതിയ ജീവിതത്തിൽ താൻ സന്തോഷവതിയാന്നെനും മൺദീപ് പറയുന്നു. സഹോദരങ്ങൾക്കൊപ്പം കൃഷിപ്പണിയിൽ സജീവമാവുകയാണ് മൺദീപ്.

മൺദീപ് കൗറിനെപ്പോലെ താടിയും മീശയുമുള്ള മറ്റൊരുയുവതിയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഹര്‍നാം കൗര്‍ എന്ന പെണ്‍കുട്ടിയാണത്. ഫോട്ടോഷൂട്ടിലൂടെ വൈലായ ഹർനാം ഇപ്പോൾ മോട്ടിവേഷൻ സ്പീക്കറാണ്.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഹര്‍നാമിന് മീശയും താടിയും വളരാന്‍ കാരണം. സ്വന്തം ശരീരത്തെ ഉൾക്കൊള്ളാതെ സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളിൽ തളർന്നുപോകുന്നവർക്കുള്ള പ്രചോദനം കൂടിയാവുകയാണ് ഈ രണ്ട്‍ യുവതികൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here