അന്ധതയെ തോൽപ്പിച്ച സംരംഭക ജാസ്മിൻ അജി പെൺ പോരാട്ടത്തിന്റെ മറ്റൊരു മുഖം

jasmin aji + womens day

സ്ത്രീ അബലയാണെന്ന കുത്തുവാക്കുകൾ പലപ്പോഴും സമൂഹത്തിന്റെ ഇരുണ്ട കോണുകളിൽ ഇന്നും ഉയർന്നു കേൾക്കാറുണ്ട്. നീ വെറും പെണ്ണാണെന്ന് മുദ്രകുത്തുന്ന ഒരു കൂട്ടം ഇപ്പോഴും നമുക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്നുണ്ട്. എന്നാൽ സ്ത്രീയോളം ആത്മബലം മറ്റാർക്കാണുള്ളത്. അതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം സ്വദേശിനിയും അപ്പൂസ് ഫുഡ്സ് സംരംഭകയുമായ ജാസ്മിൻ അജി.

കോട്ടയം മേരി ലാൻഡിൽ ജനിച്ച ജാസ്മിൻ അജി ഇക്കണോമിക്സിൽ ബിരുദം നേടുകയും, സ്വന്തമായി ഒരു സംരംഭം തുടങ്ങാനാഗ്രഹിച്ച് ബ്യൂട്ടീഷ്യൻ കോഴ്സും ഹോം സയൻസ് പഠിച്ചിരുന്നു. അതിന് ശേഷമാണ് ഇടുക്കിയിലെ വ്യാപാരി അജിയെ വിവാഹം കഴിച്ച് സന്തോഷകരമായി കുടുംബജീവിതത്തിലേക്ക് കടന്നത്. അധികം വൈകാതെ ഇരുവർക്കും ഒരു കുഞ്ഞോമന ജനിച്ചു. എന്നാൽ ആ സന്തോഷത്തിന് മേൽ അധികം വൈകാതെ ദുഃഖങ്ങൾ ഓരോന്നായി കടന്നു വരാൻ തുടങ്ങി. അപ്പു എന്ന അവരുടെ പൊന്നോമന അഖിലിന് ആറു മാസം തികയും മുൻപ് തന്നെ മസ്തിഷ്ക രോ​ഗമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജീവിതം ആകെ മാറി മറിഞ്ഞത്. തുടർ ചികിത്സകളിൽ അപ്പുവിന് സെറിബ്രൽ പാഴ്സി (Cerebral Palsy) രോഗം കണ്ടെത്തി. അപ്പുവിന്റെ രോ​ഗത്തിന്റെ ചികിത്സയ്ക്കായി ജാസ്മിനും അജിയും മണിപ്പാലിലും ചെന്നൈയിലുമൊക്കെ ഓടി നടക്കുന്നതിനിടയിലാണ് മറ്റൊരു തിരിച്ചടി ഇരുവരെയും തേടി എത്തിയത്. ദിനംപ്രതി കാഴ്ച്ച നഷ്ടപ്പെടുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോ​ഗം ജാസ്മിനെ പിടികൂടിയത് ജീവിതത്തിന്റെ താളം ആകെ തെറ്റിച്ചു. കാഴ്ച്ച മങ്ങി മങ്ങി താൻ പൂർണമായും ഇരുട്ടിലേക്ക് കടക്കുകയാണെന്ന് തിരിച്ചറിഞ്ഞ ജാസ്മിൻ കരഞ്ഞു തളർന്നിരിക്കാൻ തയ്യാറായിരുന്നില്ല. മകനെ നോക്കണം ഭർത്താവിന് കൂട്ടാണം താൻ കൂടി ഒരു ബാധ്യതയാകില്ല എന്ന ദൃഡനിശ്ചയം ജാസ്മിനെ കൈപിടിച്ചുയർത്തി. കാഴ്ച്ച പൂർണമായും നഷ്ടമാകും മുൻപ് തന്നെ തന്റെ കണ്ണുകളെ മൂടിക്കെട്ടി ഇരുട്ടിനോട് പൊരുത്തപ്പെടാനുള്ള തയ്യാറെടുപ്പുകൾ ജാസ്മിൻ ആരംഭിച്ചു. കണ്ണുകൾ അടച്ച് വീട്ടു ജോലികൾ ചെയ്യാൻ തുടങ്ങി.

Also read : അന്ന് ആ മൃതദേഹങ്ങൾ വാരിയെടുക്കാൻ ആ കൈകൾ മടിച്ചില്ല; ഐങ്കൊമ്പ് ദുരന്തഭൂമിയിലെ ഓർമ്മകൾ പങ്കുവച്ച് മന്ത്രി വി എൻ വാസവൻ

അതിനിടയിൽ വേളാങ്കണ്ണി പള്ളിമുറ്റത്ത് വച്ചു കണ്ട ഒരു മലയാളി പുരോഹിതനാണ് സംരംഭം തുടങ്ങാൻ പ്രചോദനം നൽകിയതെന്ന് ജാസ്മിൻ പറയുന്നു. അമ്മ പണ്ട് വീട്ടിലുണ്ടാക്കിയിരുന്ന നെയ്യപ്പ കൂട്ടിൽ തന്റെതായ മാറ്റങ്ങൾ വരുത്തി ജാസ്മിൻ തന്റെ ആദ്യത്തെ സംരംഭത്തിന് ആരംഭം കുറിച്ചു. ആദ്യത്തെ നെയ്യപ്പങ്ങൾ അജിയുടെ കടയിലാണ് വിൽക്കാനായി വച്ചത്. 20 കൂടിൽ തുടങ്ങിയ അപ്പം ഇന്ന് ഭരണങ്ങാനം പള്ളിയിലെ നേർച്ചയപ്പവും 8 രൂപതകളിലെ നൈവേദ്യ അപ്പവുമാണ്. താമസിയാതെ അപ്പൂസ് ഫുഡ്സ് എന്ന പേരിലൂടെ ജാസ്മിന്റെ പലഹാരങ്ങൾ വിജയങ്ങൾ കൊയ്തെടുത്ത ഒരു ബ്രാൻഡായി തന്നെ മാറി. ഈ വളർച്ചയ്ക്കൊക്കെ ഇടയിലും ജാസ്മിന്റെ കാഴ്ച്ച പൂർണമായും ഇരുട്ട് കവർന്നിരുന്നു. അൽഫോൺസാമ്മയുടെ കഴിഞ്ഞ തിരുനാൾ ദിനത്തിൽ ജാസ്മിനുണ്ടാക്കിയ ഏഴ് ലക്ഷം അപ്പങ്ങളാണ് വിറ്റു പോയത്.

വനിത സംരംഭകർക്കായി കൈരളി ടിവി നൽകി വരുന്ന വനിതാ ജ്വാല അവാർഡിൽ ചെയർമാൻ നേരിട്ട് തിരഞ്ഞെടുത്തത് ജാസ്മിനെ ആയിരുന്നു. കണ്ണിനീർ തുടച്ചിരുന്നു പോകേണ്ടിയിരുന്ന ആ കൈകൾ ഇന്ന് മാജിക്ക് തീർക്കുകയാണ്. ജീവിത പ്രതിസന്ധിയിൽ തളർന്നു പോകുന്ന ഓരോ മനുഷ്യർക്കും പ്രചോദനമാണ് ജാസ്മിന്റെ ഈ വിജയം. വെല്ലുവിളികളെ ചവിട്ടുപടിയാക്കി ജാസ്മിൻ ഇപ്പോഴും മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News