
ഭക്ഷണത്തിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ജെയിംസ് ബിയേര്‍ഡ് അവാര്‍ഡ് നേടി രാജ്യത്തിനഭിമാനമായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍നിന്നുള്ള ഷെഫ് വിജയകുമാര്‍. തമിഴ് പാചകരീതിയ്‌ക്കൊപ്പം ശ്രീലങ്കന്‍ തമിഴ്, ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ രുചിക്കൂട്ടുകളുമാണ് വിജയകുമാറിനെ മികച്ച ഷെഫിനുള്ള 2025 ലെ പുരസ്‌കാര ജേതാവാക്കിയത്. ആഗോളതലത്തില്‍ ദക്ഷിണേന്ത്യൻ രുചിക്കൂട്ടുകൾക്ക് പുതിയ സാധ്യതകളാണ് വിജയകുമാറിന്റെ ഈ നേട്ടത്തിലൂടെ കൈവരിക്കാൻ പോകുന്നത്.
തമിഴ്‌നാട്ടിലെ മധുരയിലുള്ള ഒരു ഉള്‍ഗ്രാമമായ അരസാംപെട്ടിയിലാണ് 44കാരനായ വിജയകുമാർ ജനിച്ച് വളർന്നത്. തന്റെ അമ്മയും അമ്മൂമ്മയും ഉണ്ടാക്കിതന്ന ഭക്ഷണത്തിന്റെ രുചിക്കൂട്ടുകളാണ് തന്നെയും ഒരു പാചകകാരനാക്കിയതെന്ന് വിജയകുമാർ പറഞ്ഞു. “ദരിദ്രന്റെ ഭക്ഷണം, ധനികന്റെ ഭക്ഷണം, അങ്ങനെ ഒന്നില്ല. എല്ലാം ഭക്ഷണമാണ്. അത് ശക്തമാണ്. അത്താഴ മേശയ്ക്ക് ചുറ്റും പരസ്പരം ഒത്തുചേരാന്‍ കഴിയുന്നതാണ് യഥാര്‍ഥ ആഡംബരം” എന്നാണ് ജെബി പുരസ്‌കാരദാന ചടങ്ങില്‍ വിജയകുമാര്‍ പറഞ്ഞത്.
ALSO READ: ഞായറാഴ്ചയായിട്ട് എന്താ പരിപാടി ? കുരുമുളകിട്ട് ബീഫ് വരട്ടിയെടുത്തതാവാം ഇന്നത്തെ സ്പെഷ്യൽ
എന്‍ജീനിയറിങ് പഠിക്കാന്‍ പണമില്ലാത്തതിനാലാണ് പാചകം തെരഞ്ഞെടുത്തത്. ചെന്നൈയിലെ ‘താജ് കണ്ണമാര’ ഹോട്ടലിലാണ് വിജയ്കുമാര്‍ ആദ്യമായി ജോലി ചെയ്യുന്നത്. തുടര്‍ന്ന് ക്രൂസ് ഷിപ്പുകളിലും ജോലി ചെയ്തു. ഒടുവില്‍ അമേരിക്കയില്‍ എത്തിപ്പെട്ടതിനു ശേഷം സാന്‍ ഫ്രാന്‍സിസ്‌കോയിലെ ‘ദോശ’യില്‍ ജോലി ചെയ്തു.
2021-ലാണ് ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ അണ്‍അപ്പൊളോജെറ്റിക് ഫുഡ്സിലെ റോണി മജുംദാര്‍, ചിന്തന്‍ പാണ്ഡ്യ എന്നിവരുമായി സഹകരിച്ച് ‘സെമ്മ’ – എന്ന റെസ്റ്റോറന്റ് തുറന്നത്. മൈക്കലിന്‍ സ്റ്റാര്‍ നേടുന്ന, ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം വിളമ്പുന്ന ന്യൂയോര്‍ക്കിലെ ആദ്യ റസ്റ്റോറന്റായി സെമ്മ മാറി. ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 100 റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഒന്നാമതായും സെമ്മ ഇടം പിടിച്ചിട്ടുണ്ട്. ‘പാചകത്തിലൂടെ ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും വിളമ്പുക’ എന്നതാണ് സെമ്മയിലൂടെ ഇവർ ലക്ഷ്യമിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here