നൂറ് വാക്കുകൾക്കു പകരം ഒരു ഇമോജി ! ഇന്ന് ലോക ഇമോജി ദിനം

ഇന്ന് ലോക ഇമോജി ദിനം.1990 മുതല്‍ തന്നെ ഇമോജികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും 2014 മുതലാണ് ഈ ദിനം ആഘോഷിച്ച് തുടങ്ങിയത്. വാക്കുകള്‍ക്ക് പകരം ഒരൊറ്റ ചിത്രം കൊണ്ട് സംവദിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഇമോജികള്‍ ഇന്ന് നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിക്ക‍ഴിഞ്ഞിട്ടുണ്ട്.

ഒരാളോട് അടങ്ങാത്തൊരിഷ്ടമുണ്ട്, പല്ലു ഞെരിച്ചാലും തീരാത്തൊരു ദേഷ്യമുണ്ട്, വളരെ ദൂരത്തുള്ളൊരാളെ ഗാഢമായൊന്ന് കെട്ടിപ്പിടിക്കണം, പൊട്ടിക്കരച്ചിലും പൊട്ടിച്ചിരിയും ഏറ്റവും പ്രിയപ്പെട്ടവരോടൊന്ന് പങ്കുവെക്കണം, വാക്കുകള്‍ക്ക് ചിലപ്പോള്‍ ഇതൊന്നും അതിന്‍റെ ഏറ്റവും തീവ്രമായ ഭാവത്തില്‍ കൈമാറാന്‍ ക‍ഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഇത് ഒരു പ്രശനമേ അല്ലെന്ന് പറഞ്ഞാണ് ഇമോജികൾ നമ്മിലേക്കെത്തിയത്. സന്തോഷവും, സങ്കടവും, വിരഹവും, ദേഷ്യവും, പുച്ഛവും, അസ്വസ്ഥതകളും, സ്നേഹവും, കരുതലും എന്നുവേണ്ട മനസ്സിനെയും വിചാരങ്ങളേയും ഏറ്റവും വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഇമോജികള്‍.

ALSO READ: മുതലപ്പൊഴിയിൽ പ്രശ്നപരിഹാരം; മന്ത്രിതല ചർച്ച ഇന്ന്

നൂറ് വാക്കുകള്‍ക്ക് സാധ്യമാകാത്തിടത്ത് ഒരു പിണക്കം തീരാന്‍ ഒരു ഇമോജി മതിയാകും. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വലിച്ചുനീട്ടാതെ പറയാനൊരു വിരല്‍ സ്പര്‍ശം മതിയാകും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തിരിക്കുഞ്ഞന്‍മാരെങ്കിലും കാര്യങ്ങള്‍ക്ക് ഇവര്‍ വമ്പന്‍മാരും മുമ്പന്‍മാരും തന്നെ. ഇത്രയേറെ പ്രാധാന്യമുള്ള ഇമോജികള്‍ക്കുള്ള ദിനമാണ് ജൂലൈ 17.

‘ചിത്ര വാക്ക്’ എന്ന് അര്‍ത്ഥമുള്ള ജപ്പാനീസ് വാക്കില്‍ നിന്നാണ് ഇമോജി എന്ന പേര് ലഭിച്ചത്. 1990 ല്‍ എന്‍ ടി ടി ഡോകോമോക്ക് വേണ്ടി ഷിഗേടാക്ക കുരിടയാണ് അദ്യമായി ഇമോജികള്‍ ഉണ്ടാക്കിയത്. എന്നാല്‍ 2014 ജുലായ് 17 മുതലാണ് ഈ ദിനം ആചരിച്ച് തുടങ്ങിയത്. ഇമോജിപീഡിയ സ്ഥാപകന്‍ ജെറോമി ബര്‍ജാണ് ഈ ദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് ഭൂരിഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയും കലണ്ടര്‍ ഇമോജിയില്‍ രേഖപ്പെടുത്തിയതും ജുലായ് 17ന് ആണ്.

ALSO READ: മുസ്ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പൂട്ടിച്ചു, നിയമപോരാട്ടവുമായി മസ്ജിദ് ട്രസ്റ്റ്

നിലവില്‍ 3000 ലേറെ ഇമോജികള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ആനന്ദക്കണ്ണീര്‍ പൊ‍ഴിക്കുന്ന മുഖമുള്ള ഇമോജിയാണ് ലോകത്ത് ഏറ്റവും പ്രചാരമുള്ള ഇമോജിയായി അറിയപ്പെടുന്നത്. ഏതായാലും ഈ പ്രത്യേക ദിനത്തില്‍ ഇമോജികള്‍ക്കായി ഒരു ഹൃദയമോ തമ്പ്സ് അപ്പോ ഷെയര്‍ ചെയ്യാം. ചിരിയുടെയും സ്നേഹത്തിന്‍റെയുമൊക്കെ ഇമോജികള്‍ പ്രിയപ്പെട്ടവര്‍ക്കയക്കാം. ഒപ്പം വര്‍ണ വിവേചനത്തിന്‍റെയും ബോഡി ഷേമിങ്ങിന്‍റെയും അധിക്ഷേപങ്ങളുടെയും വെറുപ്പിന്‍റെയും ഇമോജികളെ സ്റ്റോറുകളില്‍ നിന്ന് പുറത്ത് നിര്‍ത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News