
എല്ലാവർഷവും മാർച്ച് 20 നാണ് ലോകമെമ്പാടും അന്താരാഷ്ട്ര സന്തോഷ ദിനമായി ആഘോഷിക്കുന്നത്. സന്തോഷം എന്നത് കേവലം വ്യക്തിപരമായ വികാരം മാത്രമല്ല, അത് ഒരു ജനതയുടെ പുരോഗതിയുടെയും ആരോഗ്യത്തിന്റെയും മാനദണ്ഡം കൂടിയാണെന്ന് ലോകത്തെ ബോധ്യപെടുത്തുന്നതിനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 2013 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. 2012 ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് 20 സന്തോഷ ദിനമായി പ്രഖ്യാപിച്ചത്. ഭൗതീകമായ പുരോഗതിയും സാമ്പത്തിക വളർച്ചയും മാത്രം പോരാ, മറിച്ച് ഒരു ജനതയുടെ മൊത്തത്തിലുള്ള ക്ഷേമവും സന്തോഷവുമാണ് സുസ്ഥിര വികസനത്തിന് ആധാരമെന്ന് ഐക്യരാഷ്ട്രസഭ വിശ്വസിക്കുന്നു. സന്തോഷവും മാനസികാരോഗ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്, മാനസികമായി ആരോഗ്യമുള്ള ഒരാൾക്ക് മാത്രമേ ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ സാധിക്കു.
അതുപോലെ തന്നെ, സന്തോഷകരമായ സാഹചര്യങ്ങൾ ഒരാളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക സന്തോഷമെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. പസ്പര സ്നേഹവും സഹകരണവുമാണ് സന്തോഷത്തിന്റെ അടിസ്ഥാനം, മറ്റുള്ളവരെ സഹായിക്കുന്നതും നല്ല ബന്ധങ്ങൾ നിലനിർത്തുന്നതും സമൂഹത്തെ കൂടുതൽ ദൃഢമാക്കുന്നു. സന്തോഷമുള്ള ഒരു മനസ്സ് കൂടുതൽ ക്രിയാത്മകമായി ചിന്തിക്കാൻ പ്രാപ്തമായിരിക്കും, ഇത് ജോലി സ്ഥലത്തും പഠനത്തിലും കൂടുതൽ മികച്ചതാവാൻ സഹായകമാകും. ഈ വേഗമേറിയ ലോകത്ത് സന്തോഷമായിരിക്കുക എന്നത് ചിലപ്പോൾ ഒരു വെല്ലുവിളിയായി തോന്നാം, എന്നാൽ ചെറിയ മാറ്റങ്ങളിലൂടെ അത് സാധ്യമാക്കാം.
Also read: പല്ല് കാട്ട്യേ…! ‘സന്തോഷകരമായ ഒരു വായ സന്തോഷകരമായ ജീവിതമാണ്’: മനോഹരമായി പുഞ്ചിരിക്കൂ…
എങ്ങനെ സന്തോഷം കണ്ടെത്താം
വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും നാം നേടുന്ന ആരോഗ്യകരമായ ശരീരം മനസിനെ സന്തോഷിപ്പിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നതും സന്തോഷം നൽകും, പരോപകാരം നൽകുന്ന സംപൃപ്തി വളരെ വലുതാണ്.നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനായി ദിവസത്തിൽ അൽപ്പം സമയം മാറ്റിവയ്ക്കുക, കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് വേവലാതിപ്പെടാതെയും ഭാവി ഓർത്തുള്ള ആശങ്കകൾ കുറച്ചും ഈ നിമിഷത്തെ ആസ്വദിക്കാൻ പഠിക്കുക, കുടുംബത്തോടും സുഹൃത്തുക്കളോടും സമയം ചിലവഴിക്കുക എല്ലാത്തിനും ഉപരി സന്തോഷം എന്നത് പുറത്തുനിന്നാരും നൽകേണ്ട ഒന്നല്ല, മറിച്ച് അത് നമ്മുടെ ഉള്ളിൽ തന്നെ കണ്ടെത്തണ്ടേ ഒന്നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

