യൂറോപ്പിന്റെ ‘പണപ്പെട്ടി’ കാലിയാവുന്നു; ജര്‍മനി സാമ്പത്തിക മാന്ദ്യത്തിലേക്ക്

യൂറോപ്പിലെ ഏറ്റപ്പും ശക്തമായ സമ്പദ്ഘടനയായ ജര്‍മനി സാമ്പത്തിക പ്രതിസന്ധിയില്‍. 2022 ന്റെ അവസാനം നേരിട്ട തകര്‍ച്ച 2023ന്റെ ആദ്യ പാദത്തിലും (ജനുവരി-മാര്‍ച്ച് വരെ) തുടര്‍ന്നതോടെയാണ് ജര്‍മന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിട്ടത്. 2014 ന് ശേഷം ജര്‍മന്‍ സമ്പദ്ഘടനയെ ബാധിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ആഭ്യന്തര ഉത്പാദനം (ജിഡിപി) ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 0.3% കുറഞ്ഞുവെന്നാണ് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. 2022 ന്റെ അവസാന പാദത്തില്‍ 0.5 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് 2023 ന്റെ തുടക്കത്തില്‍ തിരിച്ചടി നേരിടാന്‍ കാരണമായത് എന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദത്തിലെ വളര്‍ച്ചയുടെ ചുരുക്കം നോക്കിയാണ് സാമ്പത്തിക മാന്ദ്യത്തെ പ്രവചിക്കുക. ജര്‍മനി ഈ രണ്ട് കണക്കുകളിലും പിന്നിലാണ് എന്നാണ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജര്‍മന്‍ ജിഡിപി നെഗറ്റീവ് സിഗ്‌നലിലാണെന്നാണ് ധനകാര്യമന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍ പറയുന്നത്. മറ്റ് ഉയര്‍ന്ന വികസനമുള്ള സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചയ്ക്കുള്ള സാഹചര്യം ജര്‍മന്‍ സമ്പദ്ഘടനയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ജര്‍മനിയെ അവസാന സ്ഥാനങ്ങളിലേക്ക് തള്ളിയിടുന്ന അവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലിന്‍ഡ്നര്‍ പറഞ്ഞു.

ജനങ്ങളെ അതിശക്തമായിട്ടാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. വിലക്കയറ്റം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പലരും സാധനങ്ങള്‍ വാങ്ങാനാവാതെ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ ചെലവ് പോലും കുറച്ചിരിക്കുകയാണ്. എല്ലാ മേഖലയിലും മാന്ദ്യം ജര്‍മനിയെ വിഴുങ്ങിയതായിട്ടാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ ഉയര്‍ന്നെങ്കിലും പണപ്പെരുപ്പം കുറഞ്ഞു, എന്നാല്‍ ഉയര്‍ന്ന പലിശനിരക്കായതോടെ നിക്ഷേപങ്ങള്‍ കുറഞ്ഞു. ഊര്‍ജ്ജത്തിനായുള്ള ചെലവുകള്‍ കൂടിയതോടെ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയിലായി. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതോടെ ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയും ജര്‍മനിയുടെ അവസ്ഥ വഷളാക്കി.

ജര്‍മനിയുടെ പ്രതിസന്ധികള്‍ ഇന്ത്യയേയും ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022-23ല്‍ ജര്‍മനിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 84,216 കോടി രൂപയുടേതായിരുന്നു. ഇപ്പോള്‍ ജര്‍മനിയിലെ മാന്ദ്യത്തോടെ, ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം കയറ്റുമതി പത്തുശതമാനമെങ്കിലും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഈ മാന്ദ്യം ജര്‍മനിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളേയും ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News