
ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് ക്രൂരമായി ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ബ്രിട്ടനിലെ മുൻ എം.പി കേറ്റ് നൈവെട്ടൺ. നവജാതശിശുവായ മകൾ തൊട്ടരികിൽ കിടക്കുമ്പോഴായിരുന്നു ഈ സംഭവമെന്ന് 2019 മുതൽ 2024 വരെ ബർട്ടൻ മണ്ഡലത്തെ പ്രതിനിധീകരിച്ച നൈവെട്ടൻ പറയുന്നു. മുൻ എംപി ആൻഡ്രൂ ഗ്രിഫിത്ത്സുമായുള്ള വിവാഹശേഷം താൻ അനുഭവിച്ച അത്യന്തം ഹീനമായ ഗാർഹിക-ലൈംഗിക പീഡനത്തെക്കുറിച്ചാണ് നൈവെട്ടൺ വെളിപ്പെടുത്തുന്നത്.
പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ, “ആരും നിന്നെ വിശ്വസിക്കില്ല” എന്ന് പറഞ്ഞുകൊണ്ട് തനിക്കെതിരെ ആൻഡ്രൂ ഗ്രിഫിത്ത്സ് ആക്രോശിച്ചുവെന്നും നൈവെട്ടൺ പറയുന്നു. കിടപ്പുമുറിയിൽ ക്രൂരമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായിട്ടുള്ളത്. ശാരീരികമായി തുടരെ ഉപദ്രവിച്ചു. പലപ്പോഴും കരയാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു താൻ. കുഞ്ഞ് ഭക്ഷണത്തിനായി കരഞ്ഞപ്പോൾ, അതിന് പോലും അനുവദിച്ചില്ലെന്നും നൈവെട്ടൺ പറയുന്നു.
“ബ്രിട്ടനിലെ അറിയപ്പെടുന്ന മധ്യവർഗ കുടുംബത്തിൽപ്പെട്ടവർക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുമെന്ന് ആരും വിശ്വസിക്കില്ല. പക്ഷേ സമാനതകളില്ലാത്ത ഗാർഹിക പീഡനമാണ് താൻ നേരിട്ടത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഗാർഹിക പീഡനത്തിന് ഇരയായവരുടെ വക്താവായിരിക്കുമെന്ന് താൻ പ്രതിജ്ഞയെടുത്തു. പത്ത് വർഷത്തെ കൊടിയ പീഡനം മാത്രമല്ല, തുടർന്നുള്ള അഞ്ച് വർഷങ്ങളിലും അദ്ദേഹം നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്ത് എനിക്കെതിരെ വന്നു. അത് എന്നെ വേദനിപ്പിച്ചു,” അവർ പറഞ്ഞു.
2013ൽ ആയിരുന്നു ഗ്രിഫിത്തും നൈവെട്ടണും തമ്മിലുള്ള വിവാഹം. 2018 ൽ അവർ വേർപിരിഞ്ഞു. സ്ത്രീകൾ അനാരോഗ്യകരമായ ബന്ധങ്ങളിൽ എത്ര എളുപ്പം കുടുങ്ങിപ്പോകുന്നുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ അവർ വിശദീകരിക്കുന്നു. “അയാൾ വളരെ വ്യക്തിത്വമുള്ളവനും ഏറെ ആകർഷകമുള്ളവനുമായിരുന്നു. ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ആ ബന്ധത്തിൽനിന്ന് പിൻമാറാൻ പല അവസരങ്ങളും എനിക്ക് ലഭിച്ചിരുന്നതായി കാണാൻ കഴിയും – പക്ഷേ അയാൾ പലപ്പോഴും ഇമോഷണലി ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു,” അവർ പറഞ്ഞു.
“പുറത്തുനിന്നു നോക്കുന്ന മിക്ക ആളുകൾക്കും, ഞങ്ങളുടെ ബന്ധം മികച്ചതായിരുന്നു, പക്ഷേ പീഡനം വർഷങ്ങളായി തുടരുകയായിരുന്നു. പോലീസിൽ പോകുമെന്ന് ഞാൻ പറയുമ്പോഴെല്ലാം, ഞാൻ നിങ്ങളെ റിപ്പോർട്ട് ചെയ്യാൻ പോകുന്നുവെന്ന് അദ്ദേഹം എപ്പോഴും പറയും, ‘ആരും നിങ്ങളെ വിശ്വസിക്കില്ല, കേറ്റ്. ഞാൻ ഇവിടുത്തെ എംപിയാണ്. എനിക്ക് പോലീസുമായി നല്ല അടുപ്പമുണ്ട് – അവരെല്ലാം എന്നെ നല്ല മനുഷ്യനായാണ് കരുതുന്നത്,” അവർ കൂട്ടിച്ചേർത്തു.
സമൂഹം എന്തുചെയ്യുമെന്ന് ഭയപ്പെട്ട താൻ ഒന്നും പുറത്തുപറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു. ഉറങ്ങുമ്പോൾ ഭർത്താവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഇയാൾ ക്രൂരമായി വേദനിപ്പിച്ചിട്ടുണ്ട് അവർ ആരോപിച്ചു. ഉണർന്നപ്പോൾ അയാൾ തന്നെ ആക്രമിക്കുന്നത് കുഞ്ഞ് കണ്ടു, അത് കണ്ട് അവൾ കരഞ്ഞിട്ടുണ്ട്. അപ്പോൾ അവളോട് ദേഷ്യത്തോടെ പാഞ്ഞടുക്കുകയാണ് ഗ്രിഫിത്ത് ചെയ്തിട്ടുള്ളതെന്നും നൈവെട്ടൻ പറയുന്നു.
2006-ൽ വനിതാ അവകാശ പ്രചാരകയും ഭാവി പ്രധാനമന്ത്രി തെരേസ മേയുടെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന ഗ്രിഫിത്ത്‌സിനെ, മൂന്നാഴ്ചയ്ക്കിടെ രണ്ട് വനിതാ എം.പിമാർക്ക് 2,000-ത്തിലധികം ലൈംഗിക സന്ദേശങ്ങൾ അയച്ചതോടെ സർക്കാർ പദവിയിൽ നിന്ന് പുറത്താക്കി. 2021 ഡിസംബറിൽ, ഭാര്യയെ ബലാത്സംഗം ചെയ്യുകയും ആവർത്തിച്ച് ആക്രമിക്കുകയും ചെയ്തെന്ന ഗ്രിഫിത്തിനെതിരായ കുറ്റം തെളിയിക്കപ്പെട്ടതായി കുടുംബ കോടതി വിധിച്ചിരുന്നു.
നൈവെട്ടണിന്‍റെ ദുരനുഭവം ഇപ്പോൾ ഐടിവി1, ഐടിവിഎക്സ് എന്നിവ “ബ്രേക്കിംഗ് ദി സൈലൻസ്: കേറ്റൺസ് സ്റ്റോറി”- എന്ന പേരിൽ ഡോക്യുമെന്‍ററിയായി പുറത്തിറക്കുന്നുണ്ട്. അവിടെ മുൻ ഭർത്താവിൽ നിന്ന് പതിറ്റാണ്ടുകളായി അനുഭവിച്ച പീഡനത്തെക്കുറിച്ച് അവർ തുറന്നുപറയുന്നു. ഗാർഹിക പീഡന ആരോപണങ്ങൾ ഉൾപ്പെടുന്ന ഏകദേശം 30,000 കേസുകൾ പ്രതിവർഷം കൈകാര്യം ചെയ്യുന്ന കുടുംബ കോടതി സംവിധാനത്തിനുള്ളിലെ പ്രശ്നങ്ങളും ഡോക്യുമെന്ററി എടുത്തുകാണിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

