
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ഉണ്ടായ ശക്തമായ ഗ്യാസ് സ്ഫോടനം വൻ ദുരന്തമായി. ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് തീപിടിത്തമുണ്ടാകുകയും ഒരാൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രോങ്ക്സിലെ 17 നിലകളുള്ള കെട്ടിടത്തിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകൾ നിലകളായ 15, 16 നിലകളിൽ നിന്നു വാതകത്തിന്റെ ദുർഗന്ധം വമിച്ചിരുന്നതായാണ് ലഭിച്ച വിവരം. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അഗ്നിശമന സേന അന്വേഷണം നടത്തിവരികയാണെന്ന് വകുപ്പ് മേധാവി ജോൺ എസ്പോസിറ്റോ അറിയിച്ചു.
സ്ഫോടനത്തെ തുടർന്ന് ഒരു ഡസനോളം അപ്പാർട്ടുമെന്റുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. 16, 17 നിലകളിലായി 10 അപ്പാർട്ടുമെന്റുകളിലാണ് തീപിടിത്തം ഉണ്ടായത്. മരിച്ച വ്യക്തിയുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നും എട്ട് പേർക്ക് നിസാര പരിക്കുകളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം 2024 മുതൽ സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലാണെന്നും സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Also read; നിങ്ങളെന്താണ് ഈ ചെയ്തത്! യുഎസിലെ കുടിയേറ്റവേട്ടയുടെ നടക്കുന്ന വീഡിയോ പുറത്ത്
സുരക്ഷാ മുൻകരുതലായി കെട്ടിടത്തിലെ എല്ലാ മുറികളും അടച്ചുപൂട്ടിയതായും 148 അപ്പാർട്ടുമെന്റുകൾ പൂർണമായും ഒഴിപ്പിച്ചതായും മേയർ സൊഹ്‌റാൻ മംദാനി അറിയിച്ചു. താമസക്കാരുടെ താൽക്കാലിക പാർപ്പിടത്തിനായി സമീപത്തെ ഒരു സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


