
ജർമനിയിൽ നാലര വർഷത്തിലേറെയായി ഫോസ്റ്റർ കെയറിൽ കഴിയുന്ന അഞ്ചുവയസുകാരി അരിഹ ഷായെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അദ്ദേഹം കത്തയച്ചു.
ബെർലിനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഗുജറാത്ത് സ്വദേശി ഭാവേഷ് ഷായുടെയും ധരയുടെയും മകളായ അരിഹയെ 2021 സെപ്തംബറിലാണ് ജർമൻ അധികൃതർ മാതാപിതാക്കളിൽ നിന്ന് മാറ്റിയത്. ഏഴ് മാസം പ്രായമുള്ളപ്പോൾ ശരീരത്തിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ, കുട്ടിയെ അവർ ഉപദ്രവിച്ചതാണെന്ന് ആരോപിച്ച് ആശുപത്രി അധികൃതർ ചൈൽഡ് സർവീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സെപ്തംബർ 17-ന് കുട്ടിയെ മാതാപിതാക്കളുടെ അടുക്കൽ നിന്നും മാറ്റി.
2022 ഫെബ്രുവരിയിൽ മാതാപിതാക്കൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ചതിന് തെളിവുകളില്ലെന്ന് ആശുപത്രി അധികൃതരും, മാതാപിതാക്കളുടെ സംരക്ഷണം പുനഃസ്ഥാപിക്കണമെന്ന് കോടതി നിയോഗിച്ച സൈക്കോളജിസ്റ്റും വ്യക്തമാക്കിയിട്ടും കുട്ടിയെ വിട്ടുനൽകാൻ ജർമൻ ചൈൽഡ് കെയർ അധികൃതർ തയ്യാറായിട്ടില്ല. മറിച്ച്, മാതാപിതാക്കളുടെ അവകാശങ്ങൾ അവസാനിപ്പിച്ച് കുട്ടിയെ ദത്തു നൽകാനുള്ള നീക്കങ്ങളാണ് അവർ നടത്തുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ അശ്രദ്ധ ആരോപിച്ച് കുട്ടിയെ ഫോസ്റ്റർ കെയറിൽ തന്നെ നിലനിർത്താനാണ് ജർമൻ ചൈൽഡ് കെയർ ശ്രമിക്കുന്നത്.
അരിഹയെ ഇതുവരെ അഞ്ച് തവണ വ്യത്യസ്ത വളർത്തു കേന്ദ്രങ്ങളിലേക്ക് മാറ്റിയത് കുട്ടിയുടെ സ്ഥിരമായ പരിചരണത്തെ ബാധിക്കുന്നുണ്ടെന്ന് എംപി കത്തിൽ പറഞ്ഞു. നിലവിൽ രണ്ടു മാസത്തിലൊരിക്കൽ മാത്രമാണ് മാതാപിതാക്കൾക്ക് കുട്ടിയെ കാണാൻ അനുവാദമുള്ളത്, എന്നാൽ വിസ പ്രശ്നങ്ങൾ കാരണം ഇതും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ജനുവരി 12, 13 തീയതികളിൽ ജർമൻ ചാൻസലർ ഇന്ത്യ സന്ദർശിക്കുമ്പോൾ ഈ വിഷയത്തിൽ കാര്യമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും കുട്ടിയുടെ മനുഷ്യാവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

