
ബംഗ്ലാദേശ് വീണ്ടും കത്തിയമരുകയാണ്. ഇത്തവണ കലാപകാരികളുടെ ലക്ഷ്യം ഭരണകൂടം മാത്രമല്ല, അവിടുത്തെ മാധ്യമസ്ഥാപനങ്ങൾ കൂടിയാണ്. വിദ്യാർത്ഥി പ്രക്ഷോഭകാരികളുടെ നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ ധാക്കയിലെ തെരുവുകൾ ചോരക്കളമായി മാറി. ‘പ്രഥം ആലോ’ (Prothom Alo), ‘ഡെയ്‌ലി സ്റ്റാർ’ (Daily Star) എന്നീ ബംഗ്ലാദേശിലെ മാധ്യമ ലോകത്തെ പ്രമുഖ സ്ഥാപനങ്ങളുടെ ഓഫീസുകൾ തീയിടപ്പെട്ടിരിക്കുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വ്യാപകമായി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. രാഷ്‌ട്രപിതാവ് മുജീബുർ റഹ്‌മാന്റെ വീട് തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി മുഖ്യഉപദേഷ്‌ടാവ് മൊഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു.
ഷെയ്‌ഖ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച ഹാദി, ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങവെയാണ് വെടിയേറ്റത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച അദ്ദേഹം അന്തരിച്ചു.
ALSO READ: നാഷണൽ ഹെറാൾഡ് കേസ്: കുറ്റപത്രത്തിൽ അപ്പീലുമായി ഇഡി ഹൈക്കോടതിയിൽ
ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ ആണ് നടക്കുന്നത്. ഇടക്കാല സർക്കാരിന്റെ നയങ്ങളെ വിമർശിച്ചതാണ് ഈ മാധ്യമസ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കാൻ പ്രക്ഷോഭകരെ പ്രേരിപ്പിച്ചത് എന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഹാദിയുടെ കൊലയാളികൾക്ക് ഇന്ത്യ അഭയം നൽകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ വീടിന് നേരെ കല്ലേറ് നടത്തി. ധാക്കയിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടണമെന്നും ഇവർ ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഇടക്കാല സർക്കാർ മാപ്പ് ചോദിച്ചിട്ടുണ്ട്. ഹാദിയുടെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൊലപാതകമെന്നും മുഹമ്മദ് യൂനുസ് പ്രതികരിച്ചു. ശനിയാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സിംഗപ്പൂരിൽ നിന്ന് ധാക്കയിലെത്തിച്ച ഹാദിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

