
ഐക്യരാഷ്ര സഭ വേദിയിലുള്ള ഈ ഹൃദയം തൊടുന്ന ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ് . യു എൻ വേദിയിൽ പലസ്തീൻ അനുകൂല പ്രസംഗം നടത്തിയ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവ ആദരസൂചകമായി നെറുകയിൽ ചുംബിക്കുന്ന ഹൃദയഹാരിയായ രംഗങ്ങളാണിത് .
സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകം വേദനയോടെയും ആദരവോടെയും ഈ ചിത്രത്തെ ഹൃദയത്തിലേറ്റുവാങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി വേദിയിലാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ ഈ പ്രസംഗം നടത്തിയത്.
ലോക നേതാക്കളടക്കം നിരവധി പേരാണ് ഈ ചിത്രങ്ങൾ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്രയേൽ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യയ്ക്ക് എതിരായ ലോകത്തിന്റെ പ്രതികരണമായി അക്ഷരാർത്ഥത്തിൽ ഈ ചിത്രം മാറുകയായിരുന്നു. ഇസ്രയേലിനെതിരെ നിലപാടുകൾ പ്രഖ്യാപിച്ച രാജ്യ നേതാക്കൾക്കുളള ആദരവായും ചിത്രം ഒരേ സമയം ഷെയർ ചെയ്യപ്പെട്ടു. ഇസ്രയേലിനെതിരായ ലോക രാജ്യങ്ങൾക്കിടയിലെ വലിയ ഐക്യ നീക്കത്തിനുള്ള ആഹ്വനമോ പ്രചോദനമോ ആയി ഈ ചിത്രം മാറിത്തീരുമെന്ന് പലരും ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിൽ എഴുതി.
ഗുസ്താവോ തന്റെ പ്രസംഗത്തിൽ രൂക്ഷ വിമർശനമാണ് പ്രസംഗത്തിലൂടെ ഉന്നയിച്ചത്. സമാനതകളേതുമില്ലാത്ത വംശഹത്യയാണ് ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീനെ മോചിപ്പിക്കാൻ ഏഷ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്നും ഇസ്രയേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ തടയണമെന്നും ഗുസ്താവോ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. ഇസ്രയേലിൽനിന്നും ആയുധങ്ങൾ വാങ്ങുന്നത് കൊളംബിയ നിർത്തിവച്ചിരിക്കുകയാണ്.
ഇനി ആരാണ് ഈ രണ്ട് ലോക നേതാക്കൾ എന്ന് പരിശോധിച്ചാൽ ഈ വൈകാരിക രംഗം പിറക്കാനുണ്ടായ കാരണം വ്യക്തമാകും .ഒന്ന് , സമീപകാല കൊളംബിയൻ ചരിത്രത്തിലെ ആദ്യത്തെ ഇടതുപക്ഷക്കാരനായ പ്രസിഡണ്ട്, 2022 ൽ തെരഞ്ഞെടുക്കപ്പെട്ട ഗുസ്താവോ പെട്രോ. മറ്റേത് , തൊഴിലാളി വർഗ സമരങ്ങളിലൂടെ അമേരിക്കൻ സാമ്രാജ്യത്വത്തോട് നേരിട്ട് ഏറ്റുമുട്ടി ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട വർക്കേഴ്സ് പാർട്ടി നേതാവ് ലുലാ ഡാ സിൽവ. ലോകത്തിലെ സാമ്രാജ്യത്വ ശക്തികൾക്കെതിരെ നിശിതമായ നിലപാടുകൾ കൈക്കൊണ്ടുകൊണ്ടിരിക്കുന്ന രണ്ട് ഇടതുപക്ഷ ഭരണാധികാരികൾ. പലസ്തീനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെയുള്ള ലോകത്തിന്റെ ഉറച്ച ശബ്ദമാണിവർ.
ലോകത്തെവിടെയും പലസ്തീൻ വിഷയത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്നത് ഒറ്റ നിലപാടാണ്. അത് പൊരുതുന്ന പലസ്തീൻ ജനതയോട് ഉള്ള ഐക്യദാർഢ്യമാണ്. അതിന്റെ അടിസ്ഥാനം സാമ്രാജ്യത്വ വിരുദ്ധതയാണ്. അത് ഗുസ്താവോയിലൂടെ ലുലാ ഡാ സിൽവയിലൂടെ ഈ ലോകത്ത് പടർന്നുകൊണ്ടേയിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


