
വെനസ്വേല ആക്രമിച്ച് മഡൂറോയെ കടത്തിയതിന് പിന്നാലെ, മെക്‌സിക്കോയും കൊളംബിയയുമാണ് തന്റെ ഹിറ്റ്ലിസ്റ്റിലെ അടുത്ത ലക്ഷ്യങ്ങൾ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ രംഗത്തെത്തി. “എന്നെ വന്ന് കൊണ്ടുപോകൂ. ഞാൻ നിങ്ങൾക്കായി ഇവിടെ കാത്തിരിക്കുകയാണ്” എന്നായിരുന്നു വെനസ്വേലയിലെ യുഎസ് ആക്രമണത്തെ വിമർശിച്ച് നടത്തിയ പ്രസ്താവനയിൽ പെട്രോ വെല്ലുവിളിച്ചത്.
വെനസ്വേലയിലേത് പോലെയായിരിക്കില്ല, കൊളംബിയയുടെ പ്രതികരണമെന്നും, പർവതങ്ങളിൽ ആയിരക്കണക്കിന് വരുന്ന ഗൊറില്ല പോരാളികളായിരിക്കും യുഎസിനെ കാത്തിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 1990-കളിൽ ഇടതുപക്ഷ ഗറില്ല പോരാട്ടങ്ങളിൽ മുൻനിര പോരാളിയായിരുന്ന നേതാവാണ് ഗുസ്താവോ പെട്രോ. “ഇനി ആയുധം തൊടില്ലെന്ന് ഞാൻ സത്യം ചെയ്തിട്ടുള്ളതാണ്… പക്ഷേ മാതൃരാജ്യത്തിനുവേണ്ടി ഞാൻ വീണ്ടും ആയുധമെടുക്കും” – അദ്ദേഹം വ്യക്തമാക്കി.
കൊളംബിയയുെം യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന ആളാണെന്ന് വെനസ്വേല ആക്രമണത്തിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘കൊളംബിയയും ഒരു അസുഖം ബാധിച്ച രാജ്യമാണ്. കൊക്കെയ്ൻ നിർമ്മിച്ച് അമേരിക്കയിലേക്ക് വിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരു രോഗിയാണ് അവിടവും ഭരിക്കുന്നത്. അയാളത് അധികകാലം ചെയ്യാൻ പോകുന്നില്ല’ – എന്നായിരുന്നു ട്രംപിന്‍റെ പരാമർശം.
‘സഹകരണം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുമെന്നും എന്നാൽ, ഭീഷണിയോ ബലപ്രയോഗമോ നടത്തുന്നത് അംഗീകരിക്കില്ലെന്നും’ ട്രംപിന്റെ പ്രസ്‌താവനയോട് കൊളംബിയൻ വിദേശകാര്യ മന്ത്രാലയം ഒദ്യോഗികമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയത്.
അതേസമയം, ഗ്രീളണ്ടിനെയും ട്രംപ് ലക്ഷ്യമിടുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വലിയ എതിർപ്പിന് കാരണമാകുന്നുണ്ട്. ഗ്രീൻലാൻഡിനെതിരെയുള്ള ഏത് തരത്തിലുള്ള കടന്നുകയറ്റവും ‘നാറ്റോ’ കൂട്ടായ്മയുടെ അന്ത്യം കുറിക്കുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ യുഎസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

