
ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതുറാലിക്കിടെ തലക്ക് വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ സെനറ്റർ മിഗ്വേൽ ഉറിബെ അന്തരിച്ചു. വലതുപക്ഷ പ്രതിപക്ഷത്തിന്‍റെ പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായിരുന്നു 39 കാരനായ ഉറിബെ. ജൂൺ 7 ന് ബൊഗോട്ടയിൽ റാലിയിൽ പങ്കെടുക്കുകയായിരുന്ന ഉറിബെക്ക് നേരെ അക്രമി രണ്ട് തവണ തലയിലും ഒരു തവണ ദേഹത്തുമായി നിറയൊഴിക്കുകയായിരുന്നു.
ജൂലൈയിൽ, കേസുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരൻ അടക്കം അഞ്ച് പേരെ കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉറിബെയുടെ വധശ്രമത്തിന് പിന്നിലെ പ്രധാന ആസൂത്രകനാണെന്ന് വിശ്വസിക്കുന്ന എൽഡർ ജോസ് ആർട്ടിഗ ഹെർണാണ്ടസിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ALSO READ; ഗാസയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ വധിച്ച് ഇസ്രയേല്‍; എല്ലാവരും അല്‍ ജസീറ ജീവനക്കാര്‍
ഇയാളാണ് ആക്രമണത്തിന് മുമ്പും ശേഷവുമുള്ള പ്ലാനിങ് അടക്കം ആസൂത്രണം ചെയ്തതെന്ന് പൊലീസ് മേധാവി കാർലോസ് ഫെർണാണ്ടോ ട്രിയാന ബെൽട്രാൻ പറഞ്ഞിരുന്നു. ഇന്റർപോൾ തിരയുന്ന കുറ്റവാളിയായിരുന്ന ഹെർണാണ്ടസാണ് ഉറിബെയെ വധിച്ച ആളിനെ റിക്രൂട്ട് ചെയ്തതും ആയുധം നൽകിയതും. കൃത്യത്തിന് ശേഷം കുറ്റവാളിക്ക് രക്ഷപെടാൻ ഉള്ള അവസരമൊരുക്കിയതും ഇയാൾ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഡെമോക്രാറ്റിക് സെന്‍റർ പാർട്ടി അംഗമായ ഉറിബെ കഴിഞ്ഞ ഒക്ടോബറിലാണ് 2026 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

