
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാഷിംഗ്ടണിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരും ഉന്നത നേതാക്കളും പങ്കെടുത്തു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംഘടന ഗാസ പുനർനിർമ്മാണത്തിന്റെ പേരിൽ കോടിക്കണക്കിന് ഡോളറാണ് സ്വരൂപിക്കുന്നത്. ട്രംപ് തന്നെ 500 കോടി ഡോളർ നിക്ഷേപിച്ചേക്കും.
ചൈനയും റഷ്യയുമടക്കം എതിർചേരിയിലുള്ള രാജ്യങ്ങൾക്ക് പോലും ‘ബോർഡ് ഓഫ് പീസി’ൽ ചേരാൻ ട്രംപ് ക്ഷണക്കത്ത് അയച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ഇതിന് ലോകരാജ്യങ്ങളിൽ നിന്നുണ്ടായത്. പലരും സംഘടനയിൽ അംഗമാകാൻ താത്പര്യം കാണിച്ചെങ്കിലും ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങി കുറച്ച് പ്രതിനിധികൾ മാത്രമാണ് യോഗത്തിനെത്തിയത്.
ALSO READ; വികൃതമാക്കിയ മൃതദേഹങ്ങൾക്കിടയിൽ മകനെ തിരഞ്ഞ് ഒരമ്മ; ഗാസയിലെ മനുഷ്യരുടെ ദുരിതക്കാഴ്ച
അതേസമയം, ഐക്യരാഷ്ട്ര സഭയെ അട്ടിമറിക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങളെ എതിർത്ത് കൊണ്ട് കാനഡ, ഫ്രാൻസ്, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ ഇതിൽ നിന്നും വിട്ട് നിന്നതും ശ്രദ്ധേയമാണ്. ബോർഡിലേക്കുള്ള ക്ഷണം നിരസിച്ച ചൈന യുഎൻ പോലുള്ള ആഗോള കൂട്ടായ്മകളെ മറികടന്ന് കോർപറേറ്റ് തത്വങ്ങളിൽ പ്രവർത്തിക്കുന്നതിനെ വിമർശിച്ചിരുന്നു. ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവയും സമാന വിമർശനവുമായി രംഗത്തെത്തിയിരുന്നു.
കോടികൾ മുടക്കി രൂപീകരിക്കുന്ന ഈ ബോർഡ് യുഎസിന്‍റെ കീഴിൽ ഔദ്യോഗികമായി വരുന്ന കൂട്ടായ്മയല്ലെന്നതാണ് പലരും മുഖം തിരിക്കാനുള്ള കാരണം. പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞാൽ പോലും ബോർഡിന്‍റെ പൂർണ്ണ നിയന്ത്രണം ട്രംപിനായിരിക്കും. ട്രംപിന് വീറ്റോ അധികാരവും ഉണ്ടായിരിക്കും. സംഘടനയിൽ സ്ഥിരം അംഗത്വം ലഭിക്കാൻ രാജ്യങ്ങൾ 100 കോടി ഡോളർ നൽകേണ്ടതുണ്ടെന്ന നിബന്ധന വേറെയുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

