
മെക്സിക്കോയിലെ വനമേഖലകളിൽ ഒളിച്ചിരുന്ന് ലോകത്തെ വിറപ്പിച്ച ലഹരി രാജാവായിരുന്നു ‘എൽ മെഞ്ചോ’ എന്ന നെമെസിയോ റൂബൻ ഒസെഗ്വേര സെർവാന്റസ്. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) അധിപനായ ഇയാൾ, അമേരിക്കയിലേക്കുള്ള മാരക ലഹരിമരുന്നുകളുടെ കടത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു. അതിശക്തനായ ഈ മാഫിയ തലവന്റെ മരണം കാട്ടുതീ പോലെയാണ് പരന്നത്.
എൽ മെഞ്ചോയുടെ കാമുകിയെ നിഗൂഢമായി പിന്തുടർന്ന മെക്സിക്കൻ സുരക്ഷാ സേനയ്ക്ക് ഒടുവിൽ ഒരു നിർണ്ണായക വിവരം ലഭിച്ചു. ജാലിസ്കോയിലെ തപാൽപ എന്ന മലയോര പട്ടണത്തിന് സമീപമുള്ള കാടിനുള്ളിലായിരുന്നു ആ ലഹരി രാജാവിന്റെ രഹസ്യ താവളം. മെഞ്ചോയുടെ കാമുകി അവിടെ നിന്ന് മടങ്ങിയ ഉടൻ തന്നെ, സൈന്യം ആ പ്രദേശം പൂർണ്ണമായും വളഞ്ഞു.
പിറ്റേന്ന് പുലർച്ചെ സൈന്യം നീക്കം തുടങ്ങിയതോടെ പ്രദേശം ഒരു യുദ്ധക്കളമായി മാറി. സൈന്യത്തെ കണ്ട ലഹരി മാഫിയാ സംഘം വെടിയുതിർക്കുകയും തങ്ങളുടെ നേതാവിനെ വനമേഖലയിലേക്ക് മാറ്റാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. എന്നാൽ, അമേരിക്കൻ ഏജൻസികൾ നൽകിയ കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ സഹായത്തോടെ മെക്സിക്കൻ സൈന്യം ആ നീക്കം തകർത്തു. ഏറ്റുമുട്ടലിനൊടുവിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മെഞ്ചോയെയും കൂട്ടാളികളെയും സൈന്യം കണ്ടെത്തിയത്. ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ മെക്സിക്കോയെ വിറപ്പിച്ച ആ ലഹരി രാജാവ് മരണത്തിന് കീഴടങ്ങി.
മെഞ്ചോയുടെ മരണവാർത്ത പുറത്തുവന്നതോടെ രാജ്യം അക്ഷരാർത്ഥത്തിൽ കത്തിയെരിഞ്ഞു. പ്രകോപിതരായ സിജെഎൻജി (CJNG) അംഗങ്ങൾ തെരുവിലിറങ്ങി വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. ഹൈവേകൾ ഉപരോധിച്ചും വിമാനത്താവളങ്ങൾ തടസ്സപ്പെടുത്തിയും അവർ അക്രമം അഴിച്ചുവിട്ടു. സ്കൂളുകൾക്ക് അവധി നൽകേണ്ടി വന്നു, ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഈ കനത്ത പോരാട്ടത്തിൽ 25 നാഷണൽ ഗാർഡ് അംഗങ്ങൾക്കും 30 ഓളം കാർട്ടൽ അംഗങ്ങൾക്കും ജീവൻ നഷ്ടമായി.
മെഞ്ചോയുടെ മരണത്തോടൊപ്പം തന്നെ കാർട്ടലിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ‘എൽ തുളി’ എന്ന ഉന്നത നേതാവും മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തന്റെ സാമ്രാജ്യം സംരക്ഷിക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കിയിരുന്ന എൽ മെഞ്ചോയുടെ അന്ത്യം, മെക്സിക്കോയിലെ ലഹരി മാഫിയയുടെ വേരറുക്കുന്ന ഒന്നായി മാറി. മെക്സിക്കൻ സേന മാത്രമാണ് ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


