
ഓവർ ടൈമും എക്സ്ട്രാ വർക്കുമൊക്കെ എടുത്ത് കാശ് കൂട്ടിവക്കുന്നവർക്ക് ഇലോൺ മസ്‌ക്കിന്റെ വക ഷോക്ക്. ഇനിയുള്ള കാലത്ത് പണം കരുതിവെക്കുന്നത് ഒക്കെ വെറുതെയാണെന്നും ദാരിദ്ര്യമില്ലാത്ത ഭാവിയാണ് മനുഷ്യരെ കാത്തിരിക്കുന്നത് എന്നുമാണ് ലോക കോടീശ്വരന്‍റെ വാക്കുകൾ. കൃത്രിമബുദ്ധിയിലും (AI ) റോബോട്ടിക്സിലുമുള്ള പുരോഗതി ക്രമേണ ദാരിദ്ര്യം ഇല്ലാതാക്കുകയും, പരമ്പരാഗത ജോലിയുടെ ആവശ്യകത കുറയ്ക്കുകയും വ്യാപകമായ സമ്പത്തിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കും നയിക്കുകയും ചെയ്യുമെന്നാണ് മസ്‌കിന്‍റെ അഭിപ്രായം.
AI-യും റോബോട്ടിക്സും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നത് തുടർന്നാൽ, ഓക്സിജൻ സാർവത്രികമായി ലഭ്യമാകുന്നതുപോലെ പണം ഒടുവിൽ അപ്രസക്തമാകുമെന്നും അദ്ദേഹം പറയുന്നു. നിക്ഷേപ അക്കൗണ്ടുകൾ വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭമായ ‘ട്രംപ് അക്കൗണ്ടു’കളുമായി ബന്ധപ്പെട്ട ചർച്ചക്കിടയിലാണ് മസ്ക് തന്‍റെ അഭിപ്രായ പ്രകടനം നടത്തിയത്.
ALSO READ; ‘പത്ത് മാസം കൊണ്ട് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; വീണ്ടും അവകാശവാദവുമായി ട്രംപ്
എന്നാൽ സോഷ്യൽ മീഡിയയിൽ മസ്ക്കിനെതിരെ വ്യാപക വിമർശനമുയർന്നു. 600 ബില്യൺ ഡോളർ ആസ്തിയുള്ള ഒരാളാണ് മറ്റുള്ളവരോട് പണം കരുതി വക്കരുതെന്ന് ഉപദേശിക്കുന്നത് എന്നാണ് വിമർശനം. പണത്തിന്‍റെ മൂല്യം അപ്രസക്തമായാൽ അത് ലോക സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുമെന്ന് മറ്റുചിലർ വിമർശിച്ചു. “എല്ലാത്തിനും അടിസ്ഥാനപരമായി ഒന്നും ചെലവാകുന്നില്ലെങ്കിൽ, ഉത്പന്നങ്ങൾ നിർമ്മിക്കാൻ ആർക്കെങ്കിലും എന്ത് പ്രോത്സാഹനമാണുള്ളത്?” എന്നാണ് ഒരാളുടെ കമന്‍റ്.
ഈ ആഴ്ചയാണ് ആസ്തി 600 ബില്യൺ കടക്കുന്ന ആദ്യ വ്യക്തിയായി മസ്‌ക് മാറിയത്. സ്‌പേസ് എക്‌സ് കൂടി പൊതു വിപണിയിൽ എത്തുന്നതോടെ 800 ബില്യണായി മസ്കിന്‍റെ ആസ്തി ഉയർന്നേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

