
ഫ്രഞ്ച്-ലബനീസ് കവയിത്രിയും നോവലിസ്റ്റുമായിരുന്ന വീനസ് ഖൂരി ഗാട്ട അന്തരിച്ചു. 88 വയസ്സായിരുന്നു. ലബനോണിൽ ഖലീൽ ജിബ്രാൻ, അമീൻ മഅലൂഫ് തുടങ്ങിയ പ്രഗൽഭരായ എഴുത്തുകാർക്കൊപ്പമാണ് വീനസിന്റെ സ്ഥാനം. നോവലും കവിതയുമായി നാല്പതിലധികം കൃതികൾ രചിച്ചു. ഫ്രഞ്ചും അറബിയും ഒരുപോലെ വശമായിരുന്നുവെങ്കിലും ഫ്രഞ്ചിലായിരുന്നു രചനകളെല്ലാം. ഫ്രാൻസിലായിരുന്നു അന്ത്യം.
വീനസ് 1937ൽ വടക്കൻ ലബനോണിലെ പർവതങ്ങളുടെ നാടായ ബിശ്ശാരിയിൽ ഒരു സിറിയൻ മെറോനൈറ്റ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. മാതാവ് ഒരു കർഷക കുടുംബത്തിലെ അംഗമായിരുന്നു. 1959ലെ സൗന്ദര്യ മത്സരത്തിൽ മിസ് ബൈറൂത്തായി തെരഞ്ഞെടുക്കപ്പെട്ടു. രൂക്ഷമായ ലബനീസ് ആഭ്യന്തര യുദ്ധക്കാലത്ത് പിതാവിനോടൊപ്പം ഫ്രാൻസിലേക്ക് കുടിയേറി. 1972ൽ ഒരു ഫ്രഞ്ച് റിസർച്ചർ ജീൻ ഗട്ടയെ വിവാഹം ചെയ്തശേഷം ഫ്രാൻസിൽ സ്ഥിരതാമസമാക്കി. 1981ൽ ഭർത്താവ് മരിച്ചു.
ALSO READ: ഗാസയിൽ വീണ്ടും ഇസ്രയേൽ നരനായാട്ട്; വ്യോമാക്രമണത്തിൽ കുട്ടികളടക്കം 32 പലസ്തീനികൾ കൊല്ലപ്പെട്ടു
വീനസിന്റെ രചനകളിലെല്ലാം ആഭ്യന്തരയുദ്ധമുണ്ടാക്കിയ ആഘാതവും സംഘർഷവും വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. കൃതികൾ പലതും ലോകഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. ‘A house at the tip of Tears’ എന്ന നോവൽ മാത്രമാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. പ്രസ്തുത നോവൽ ‘കണ്ണീർത്തുമ്പത്ത് ഒരു വീട്’ എന്ന ശീർഷകത്തിൽ എസ് എ ഖുദ്സി മലയാളത്തിൽ പരിഭാഷപ്പെടുത്തി. 2021ൽ ഫിങ്കർ ബുക്സ് ഇത് പ്രസാധനം ചെയ്തു. 2009ൽ ഫ്രഞ്ച് അക്കാദമിയുടെ ഗ്രാൻഡ് പ്രിക്സ് ഡി പോയ്സി, 2011ൽ കോൺകോർഡ് പ്രൈസ് ഫോർ പോയട്രി തുടങ്ങി ഡസനിലധികം പ്രധാനപ്പെട്ട ഫ്രഞ്ച് പുരസ്കാരങ്ങൾ നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

