
നേപ്പാളിലെ കെ പി ശർമ്മ ഒലി സർക്കാരിനെതിരെ തെരുവിൽ ഇറങ്ങി പുതുതലമുറ. സർക്കാരിന്‍റെ അഴിമതിക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കത്തിനുമെതിരെയാണ് ജെൻ സി പിള്ളേർ സമരത്തിന് ഇറങ്ങിയത്. ഓൺലൈനിൽ ആരംഭിച്ച പ്രതിഷേധമാണ് തെരുവുകളിലേക്കും വ്യാപിച്ചത്. പാർലമെന്‍റിന് സമീപം പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികൾ വഷളായി. സുരക്ഷാസേന വെടിവച്ചതായും നിരവധി പ്രതിഷേധക്കാർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
‘ജൻ ഇസഡ് വിപ്ലവം’ എന്ന പേരിൽ തുടങ്ങിയ പ്രതിഷേധത്തിൽ പങ്കുചേരാൻ കാഠ്മണ്ഡുവിൽ ആയിരക്കണക്കിന് യുവ പ്രതിഷേധക്കാർ ഒഴുകിയെത്തിയത്. പലരും നിയന്ത്രിത മേഖലകൾ ലംഘിച്ച് പൊലീസ് ബാരിക്കേഡുകൾ തകർത്തു. നിലവിൽ തലസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
ALSO READ; പാർലമെന്‍റ് തെരഞ്ഞെടുപ്പ് പരാജയം; ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു
ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സെപ്റ്റംബർ 4 ന് ബ്ലോക്ക് ചെയ്യാനുള്ള സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ബ്ലോക്ക് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഇത് സെൻസർഷിപ്പ് നടപടിയുടെ ഭാഗമെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഫേസ്ബുക്കുൾപ്പെടെ ബ്ലോക്കായെങ്കിലും ജെൻ സി ആക്ടിവിസ്റ്റുകൾ ടിക് ടോക്ക്, റെഡ്ഡിറ്റ് പോലുള്ള ബദൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സമരാഹ്വാനം തുടരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

