
ഒരേ സമയം ഗവൺമെന്‍റിന്‍റെ അടക്കം രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്ത ഇന്ത്യൻ വംശജൻ അമേരിക്കയിൽ പിടിയിൽ. 39 കാരനായ ന്യൂയോർക്കുകാരൻ മെഹുൽ ഗോസ്വാമിയെയാണ് നികുതി പണം കൊള്ള നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറലിന്‍റെ ഓഫീസും സറടോഗ കൗണ്ടി ഷെരീഫ് ഓഫീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് മെഹുൽ ഒരേ സമയം രണ്ടിടങ്ങളിൽ ജോലി ചെയ്തതായി കണ്ടെത്തിയത്.
ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലെ ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ റിമോട്ടായി ജോലി ചെയ്യവേ തന്നെ, മാൾട്ടയിലെ സെമികണ്ടക്ടർ കമ്പനിയായ ഗ്ലോബൽഫൗണ്ടറീസിൽ കരാർ അടിസ്ഥാനത്തിലും ജോലി ചെയ്തെന്നാണ് കണ്ടെത്തൽ. നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ ഗോസ്വാമി നികുതിദായകരുടെ പണമായ 50,000 ഡോളർ (41 ലക്ഷം രൂപ) ‘കൊള്ളയടിച്ചു’ എന്ന് ന്യൂയോർക്ക് ഇൻസ്പെക്ടർ ജനറൽ ലൂസി ലാങ് ആരോപിച്ചു.
ALSO READ; തിക്കും തിരക്കും മറികടക്കാൻ ഹെലികോപ്റ്റർ; പ്രചാരണത്തിന് പറന്നെത്താൻ വിജയ്, ഇനി റോഡ് ഷോകളില്ല
‘സംസ്ഥാനത്തിനുവേണ്ടി ജോലി ചെയ്യുന്നുവെന്ന് പറഞ്ഞിട്ട്, മറ്റൊരു സ്വകാര്യ സ്ഥാപനത്തിന് വേണ്ടി മുഴുവൻ സമയ ജോലി ചെയ്യുന്നത് നികുതിദായകരുടെ പണമടക്കമുള്ള പൊതുവിഭവങ്ങളുടെ ദുരുപയോഗമാണ്’ – ലൂസി ലാങ് പറഞ്ഞു. പരമാവധി 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് മെഹുൽ ഗോസ്വാമിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ പ്രോജക്ട് കോർഡിനേറ്ററായി ജോലി ചെയ്ത് 2024 ൽ ഇദ്ദേഹം പത്ത് ലക്ഷത്തിലധികം സമ്പാദിച്ചിരുന്നു. നിലവിൽ ജാമ്യമില്ലാതെ വിട്ടയച്ചെങ്കിലും നിയമനടപടികൾ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

