ഇന്തോനേഷ്യയിലെ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം വനനശീകരണം: രോഷാകുലരായി ജനം

Indonesia floods

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുടനീളം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 753 ആയി ഉയർന്നതായി ദേശീയ ദുരന്ത ഏജൻസി. തിങ്കളാഴ്ച 604 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം വനനശീകരണം ആണെന്നാണ് ജനങ്ങളുടെ ആരോപണം.

കനത്ത മൺസൂൺ മഴയും അപൂർവമായ ചുഴലിക്കാറ്റും വ്യാപകമായ നാശനഷ്ടങ്ങളാണ് വരുത്തിയത്. ഇന്തോനേഷ്യ, ശ്രീലങ്ക, തെക്കൻ തായ്‌ലൻഡ് എന്നിവിടങ്ങളിൽ 1,300ൽ അധികം ആളുകൾക്ക് ഇതുവരെ ജീവൻ നഷ്ടമായി. മലാക്ക കടലിടുക്കിൽ രൂപപ്പെട്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.

ഇന്തോനേഷ്യയിൽ, 3.2 ദശലക്ഷം നിവാസികളെയാണ് ഇത് ബാധിച്ചത്. 2,600 പേർക്ക് പരിക്കേറ്റു, ഏകദേശം ഒരു ദശലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. 2004ലെ സുനാമിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമായാണിതിനെ കണക്കാക്കുന്നത്.

Also Read: ടെഹ്‌റാനിൽ വരൾച്ച: രാജ്യത്തിന്റെ തലസ്ഥാനം മാറ്റാൻ ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്

തപനുലിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. പ്രദേശത്തെ വനനശീകരണമാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. “ദുഷ്ടന്മാരുടെ കൈകളാണ് മരങ്ങൾ വെട്ടിമാറ്റിയത്… അവർക്ക് വനങ്ങളിൽ ഒരു താൽപ്പര്യവുമില്ല, ഇപ്പോൾ ഞങ്ങൾ അതിന് വില കൊടുക്കുകയാണ്,” പ്രദേശവാസി ചൂണ്ടിക്കാട്ടി.

വനങ്ങൾ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിൽ നാശനഷ്ടങ്ങൾ ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്ന് തപനുലിയിലെ തദ്ദേശ സ്വയംഭരണ നേതാവായ ഗസ് ഇരാവൻ പസാരിബു പറഞ്ഞു. വനപ്രദേശം പദ്ധതികൾക്കായി ഉപയോഗിക്കുന്നതിന് നൽകിയ ലൈസൻസുകൾക്കെതിരെ വനം മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും അവർ അത് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി നിരീക്ഷണ റിപ്പോർട്ടുകളും ജനങ്ങളുടെ ആരോപണത്തെ പിന്തുണയ്ക്കുന്നതാണ്. 2001നും 2024നും ഇടയിൽ നോർത്ത് സുമാത്രയിൽ 1.6 ദശലക്ഷം ഹെക്ടർ വൃക്ഷങ്ങൾ നശിച്ചതായി ഗ്ലോബൽ ഫോറസ്റ്റ് വാച്ച് ഡാറ്റ വ്യക്തമാക്കുന്നുണ്ട്. സുമാത്രയിലുടനീളം, ഇതേ കാലയളവിൽ 4.4 ദശലക്ഷം ഹെക്ടർ വനം അപ്രത്യക്ഷമായി. സ്വിറ്റ്സർലൻഡിന്റെ വലിപ്പത്തേക്കാൾ വലുതാണ് ഇതെന്ന് ഓർക്കണം.

Also Read: ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സഹായമായി പാകിസ്ഥാൻ അയച്ചത് ഒരു വർഷം പഴക്കമുള്ള സാധനങ്ങൾ; ലജ്ജയില്ലേയെന്ന് സോഷ്യൽ മീഡിയ

അതേസമയം റോഡുകളും പാലങ്ങളും തകർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ നിലവിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ശുദ്ധജലവും അവശ്യസാധനങ്ങളും ലഭിക്കുന്നില്ലെന്നും ഇന്റർനെറ്റ് കണക്ഷനായി കിലോമീറ്ററുകൾ നടക്കേണ്ടിവരുമെന്നും ജനം പറയുന്നു. ലോകാരോഗ്യ സംഘടന ബാധിത പ്രദേശങ്ങളിൽ ദ്രുത പ്രതികരണ സംഘങ്ങളെയും മെഡിക്കൽ സപ്ലൈകളെയും വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News