
അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങൾ ഇറാനിലെ ആശുപത്രികളെയും സ്കൂളുകളെയും ബാധിച്ച സാഹചര്യത്തിൽ, അന്താരാഷ്ട്ര നടപടിക്കും ഐക്യദാർഢ്യത്തിനും ആഹ്വാനം ചെയ്ത് ടെഹ്‌റാനിലെ അധികാരികൾ. ഇരു രാജ്യങ്ങളും ആശുപത്രികൾ, സ്കൂളുകൾ, റെഡ് ക്രസന്റ് സൗകര്യങ്ങൾ, സാംസ്കാരിക സ്മാരകങ്ങളെയടക്കം ഒഴിവാക്കാതെ, ജനവാസ മേഖലകളിൽ വിവേചനരഹിതമായി ആക്രമണം തുടരുകയാണ് എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു.
“അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങൾ അമേരിക്കയും ഇസ്രയേലും ബോധപൂർവ്വം ചെയ്യുകയാണ്. തുടർച്ചയായ ഈ അനീതിയോട് കാണിക്കുന്ന നിസ്സംഗത, നമ്മുടെ ആഗോള സമൂഹം നിലകൊള്ളുന്ന പൊതുവായ മൂല്യങ്ങളെ അപകടത്തിലാക്കുമെന്നും മനുഷ്യരാശിയുടെ ഭാവിയെ കൂടുതൽ ഇരുണ്ടതാക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ എഴുതി.
ALSO READ: യുഎസ് ഇസ്രയേൽ ഇറാൻ സഘർഷം; നാലാം ദിനവും പ്രതിസന്ധി തീരാതെ പശ്ചിമേഷ്യ
ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ തലവനായ പിർ ഹൊസൈൻ കോളിവണ്ട്, കുട്ടികളെയും വിദ്യാഭ്യാസ, മെഡിക്കൽ കേന്ദ്രങ്ങളെയും ബാധിക്കുന്ന ആക്രമണങ്ങളെ വ്യക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട്, അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി) പ്രസിഡന്റിന് ഞായറാഴ്ച വൈകുന്നേരം പരസ്യമാക്കിയ കത്ത് എഴുതിയിട്ടുണ്ട്. ജനീവ കൺവെൻഷനുകളിൽ വിവരിച്ചിരിക്കുന്ന നിരീക്ഷണ, പിന്തുണാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം രൂക്ഷമാകുമ്പോൾ സമാനമായ സംഭവങ്ങൾ വീണ്ടും സംഭവിക്കുന്നത് തടയാൻ ഐസിആർസി ഉടനടി നടപടികൾ സ്വീകരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രികൾ, വീടുകൾ, സ്കൂളുകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ആക്രമണത്തിൽ നിന്ന് ഒഴിവാക്കണം. മെഡിക്കൽ ജീവനക്കാരെ അവരുടെ ജോലി സുരക്ഷിതമായി ചെയ്യാൻ അനുവദിക്കണമെന്നും ഐസിആർസി പ്രസിഡന്റ് മിർജാന സ്‌പോൾജാറിക് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: റിയാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം
വ്യോമാക്രമണത്തിന്റെ ഫലമായി നിരവധി ഇറാനിയൻ ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അധികൃതർ ഇവിടങ്ങളിലുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന വലിയ ആക്രമണങ്ങളിൽ ടെഹ്‌റാനിലെ രണ്ട് പ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന ഒന്നിലധികം മെഡിക്കൽ സെന്ററുകൾ തകർന്നതായി റിപ്പോർട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


