
ഹമാസ് വെടിനിർത്തൽ നിർദേശം അംഗീകരിച്ചതിനെത്തുടർന്ന് ആക്രമണം നിർത്താൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയിട്ടും ആക്രമണം തുടർന്ന് ഇസ്രയേൽ. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. ബോംബിംഗ് നിർത്താനുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ ആഹ്വാനം അവഗണിച്ച് വ്യോമാക്രമണങ്ങളും കനത്ത ഷെല്ലാക്രമണങ്ങളും ഇസ്രയേൽ തുടർന്നതായി സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ബോംബിങ്ങിൽ ഇരുപതോളം വീടുകൾ തകർന്നതായും അദ്ദേഹം പറഞ്ഞു.
ഗാസയിലെ ഒരു ക്യാമ്പിലെ ടെന്‍റിൽ നടന്ന ഡ്രോൺ ആക്രമണത്തിലാണ് രണ്ട് കുട്ടികൾ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് ഖാൻ യൂനിസിലെ നാസർ ആശുപത്രി അറിയിച്ചു. ഗാസയിൽ ഹമാസ് തടവിലാക്കിയ ഇസ്രായേലി തടവുകാരുടെ കുടുംബങ്ങൾ സർക്കാരിനോട് അടിയന്തരമായി വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കെയാണ് ആക്രമണങ്ങൾ തുടരുന്നതെന്നും ശ്രദ്ധേയമാണ്. ട്രംപിന്റെ പദ്ധതിയെ അവസരമായി കണ്ട് ഇരുകൂട്ടരും ഉടനടി വെടിനിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആഹ്വാനം ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

