
ഗാസയിൽ വീണ്ടും ഇസ്രയേൽ നരനായാട്ട്. ശനിയാഴ്ച ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികളടക്കം 32 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ പാർപ്പിട സമുച്ചയങ്ങളും അഭയാർത്ഥി ക്യാമ്പുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബോംബിങ്ങിൽ ഒരു പൊലീസ് സ്റ്റേഷനും തകർന്നു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
യുഎസിന്‍റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും ഇസ്രയേൽ നിർബാധം കൊല തുടരുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ നടന്ന ആക്രമണം. വെള്ളിയാഴ്ച റഫയിൽ ഹമാസ് വെടിനിർത്തൽ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇസ്രയേൽ പാർപ്പിടങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
ALSO READ;ഇറാനിൽ രണ്ടിടങ്ങളിൽ സ്ഫോടനം: അഞ്ച് മരണം
എന്നാൽ, ഇത് തള്ളിയ ഹമാസ്, ഇസ്രയേൽ നടപടി കരാറുകളുടെ ലംഘനമാണെന്ന് തിരിച്ചടിച്ചു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള നിർണ്ണായകമായ റഫ അതിർത്തി സഞ്ചാരത്തിനായി പരിമിതമായി തുറന്നുകൊടുക്കുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. വെടിനിർത്തൽ കരാറിലെ ഒരു പ്രധാന വ്യവസ്ഥയായിരുന്ന ഇത് റദ്ദാക്കാനുള്ള നീക്കങ്ങളാണോ ആക്രമണത്തിന്‍റെ മറവിൽ നടക്കുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഈജിപ്തും ഖത്തറും രംഗത്തെത്തിയിട്ടുണ്ട്. 71,769 പേരാണ് ഇതുവരെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


