
ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ഏറ്റവും വലിയ പ്രതിഷേധത്തിന് വേദിയായി ഇറ്റലി. പലസ്തീനൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ട് ഇറ്റാലിയന്‍ ഭരണകൂടത്തിനെതിരെ പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
തൊഴിലാളി യൂണിയനുകള്‍ രാജ്യത്ത് പണിമുടക്കിനും ആഹ്വാനം ചെയ്തു. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇറ്റലിയില്‍ സ്‌കൂളുകള്‍ അടച്ചിടുകയും ട്രെയിനുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.
യുകെ, ഓസ്‌ട്രേലിയ , പോര്‍ച്ചുഗല്‍, കാനഡ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇറ്റലിയില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. യൂറോപ്പ് ഇതുവരെ കാണാത്ത പ്രതിഷേധത്തിനാണ് ഇതോടെ ഇറ്റലി വേദിയായത്.
Also read – രാഷ്ട്രപദവി പലസ്തീന്റെ അവകാശം; ആരുടെയും ഔദാര്യമല്ലെന്ന് യു എന്‍ മേധാവി അന്റോണിയോ ഗുട്ടറസ്
ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇറ്റാലിയന്‍, യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയിലെ യൂണിയനുകള്‍ 24 മണിക്കൂര്‍ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിലാന്‍ മുതല്‍ പലേര്‍മോ വരെ 75ഓളം മുന്‍സിപാലിറ്റികളില്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രതിഷേധിച്ചു.
20,000ത്തിലധികം ആളുകളാണ് പലസ്തീന്‍ പതാകള്‍ ഉയര്‍ത്തി സ്വതന്ത്ര പലസ്തീന്‍ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

