
ആകാശത്ത് ചരിത്രംകുറിച്ച് മലേഷ്യൻ എയർലൈൻസ്. കോക്പിറ്റ് മുതൽ ക്യാബിൻ വരെ പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി തങ്ങളുടെ ആദ്യ വിമാന സർവീസ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മലേഷ്യൻ എയർലൈൻസ്.
ക്വാലാലംപുരിൽനിന്ന് കോട്ട കിനബലുവിലേക്ക് പറന്നുയർന്ന MH2610 വിമാനത്തിലാണ് ജീവനക്കാരായി പൂർണമായും വനിതാ സംഘത്തെ ഉൾപ്പെടുത്തിയത്. പൈലറ്റുമാർ, സഹപൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവരുൾപ്പെടെ ചെക്ക്-ഇൻ കൗണ്ടറുകൾ മുതൽ സുരക്ഷ, മെയിന്റനൻസ്, പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ വരെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും സ്ത്രീകൾക്കായിരുന്നു ചുമതല.
“ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ‘25 by 2025’ എന്ന ലക്ഷ്യം മറികടന്ന്, മലേഷ്യ ഏവിയേഷൻ ഗ്രൂപ്പിന്റെ തൊഴിൽ ശക്തിയുടെ 36 ശതമാനവും ഇപ്പോൾ സ്ത്രീകളാണ്. ഈ നാഴികക്കല്ല് പുരോഗതിയെ മാത്രമല്ല, ആകാശത്തിന് അതിരുകളില്ല എന്ന ശക്തമായ ഓർമപ്പെടുത്തൽ കൂടിയാണ്,” എന്നാണ് ഈ വാർത്ത പങ്കുവെച്ച് കൊണ്ട് മലേഷ്യൻ എയർലൈൻസ് ഫേസ്ബുക്കിൽ കുറിച്ചത്.
മലേഷ്യൻ എയർലൈൻസിന്റെ റിപോർട്ടുകൾ പ്രകാരം ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ 8,200 മണിക്കൂറിലധികം പ്രവർത്തിപരിചയമുള്ള ക്യാപ്റ്റൻ നൂർസസ്‌റീന ബിൻതി സുൽക്കിഫ്‌ലിയും അടുത്തിടെ സർട്ടിഫിക്കേഷൻ ലഭിച്ച യുവ പൈലറ്റായ സെക്കൻഡ് ഓഫീസർ സിതി നൂർ ശ്യാമിറ ബിൻതി ബഹാറുദ്ദീനും ചേർന്നാണ് ബോയിങ് 737-800 വിമാനം പറത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

