
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനർഹൻ താനാണെന്ന് പറഞ്ഞ് നടന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഇത് സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു. നോബൽ ഫൗണ്ടേഷൻ ട്രംപിനെ അംഗീകരിച്ചില്ലെങ്കിലെന്താ ഇപ്പോൾ മരിയ കൊറിന മച്ചാഡോ പ്രസിഡന്റിന്റെ ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ്.
വ്യാഴാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മാച്ചാഡോയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ അതിവിചിത്രമായ സംഭവം അരങ്ങേറിയത്. ഈ കൂടിക്കാഴ്ചയിലാണ് മാച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാന മെഡൽ ട്രംപിന് സമ്മാനിച്ചത്. എന്തായാലും ചോദിച്ചിട്ടും കിട്ടാത്ത നൊബേൽ സമ്മാനം വെറുതെ കിട്ടിയതിൽ മച്ചാഡോയെ ട്രംപ് നന്നായി പുകഴ്ത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുമിട്ടിരുന്നു. ഞാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദിയായി മരിയ തന്റെ നോബൽ സമാധാന സമ്മാനം എനിക്ക് സമ്മാനിച്ചു എന്നാണ് പോസ്റ്റിന് ചുവടെ ട്രംപ് കുറിച്ചത്.
നോബൽ കമ്മിറ്റി ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. ഒരിക്കൽ സമ്മാനിച്ച നോബൽ സമാധാന സമ്മാനം നിയമപരമായോ പ്രതീകാത്മകമായോ മറ്റൊരാളിലേക്ക് കൈമാറാനോ, പങ്കിടാനോ, വീണ്ടും നിയോഗിക്കാനോ കഴിയില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടും നോബൽ കമ്മിറ്റിയും വ്യക്തമാക്കി. ആൽഫ്രഡ് നോബലിന്റെ വിൽപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്ന നോബൽ ഫൗണ്ടേഷന്റെ ചട്ടങ്ങളിൽ ഉൾപ്പെട്ട അടിസ്ഥാന തത്വങ്ങളിലൊന്നാണ് ഈ നിയമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


