നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: നിരവധി മരണം; ആഭ്യന്തരമന്ത്രി രാജിവെച്ചു

nepal home minister quit

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ 19 പ്രതിഷേധക്കാർ വെടിയേറ്റ് മരിച്ച സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമാവുകയും പാർലമെന്‍റ് അടക്കമുള്ളയിടങ്ങളിലേക്ക് പ്രതിഷേധക്കാർ ഇരച്ചെത്തുകയും ചെയ്തതോടെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ വച്ചാണ് 61 കാരനായ ലേഖക് രാജി സമർപ്പിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സെപ്റ്റംബർ 4 ന് ബ്ലോക്ക് ചെയ്യാനുള്ള സർക്കാർ തീരുമാനമെടുത്തതിനെ ചോദ്യം ചെയ്താണ് പുതുതലമുറ തെരുവിൽ ഇറങ്ങിയത്.

ALSO READ; കാൻസർ ചികിത്സാ രംഗത്ത് വിപ്ലവ മുന്നേറ്റം: വാക്സിൻ വികസിപ്പിച്ച് റഷ്യ; ആദ്യപരീക്ഷണം വൻ വിജയം

‘ജൻ ഇസഡ് വിപ്ലവം’ എന്ന പേരിൽ തുടങ്ങിയ പ്രതിഷേധത്തിൽ പങ്കുചേരാൻ കാഠ്മണ്ഡുവിൽ ആയിരക്കണക്കിന് യുവ പ്രതിഷേധക്കാർ ഒഴുകിയെത്തിയത് സ്ഥിതിഗതികൾ വഷളാക്കി. 250 ലധികം പേർക്ക് സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രതിഷേധം മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് മെറ്റയടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സർക്കാർ വിലക്കിയത്. എന്നാൽ, ഇത് സെൻസർഷിപ്പ് നടപടിയുടെ ഭാഗമെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News