
നേപ്പാളിൽ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്‍റും രാജിവെച്ചു. തെരുവിലിറങ്ങിയുള്ള യുവജന പ്രതിഷേധം രാജ്യമൊട്ടുക്കുമുള്ള വൻ പ്രക്ഷോഭമായി മാറിയതിന് പിന്നാലെയാണ് പ്രസിഡന്‍റ് രാംചന്ദ്ര പൗഡേല്‍ രാജിവെച്ചത്. പ്രധാനമന്ത്രി കെപി ശര്‍മ ഒലി സ്ഥാനമൊഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പ്രസിഡന്‍റിന്‍റേയും രാജി. പ്രസിഡന്‍റും സ്ഥാനമൊഴിഞ്ഞതോടെ രാജ്യത്ത് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. അതേസമയം, ജെൻ സി നടത്തുന്ന പ്രതിഷേധം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ലേഖകും രാജിവച്ചിരുന്നു. പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ലേഖക് സ്ഥാനമൊഴിഞ്ഞത്. 22 പ്രതിഷേധക്കാരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ALSO READ; നേപ്പാള്‍ ധനമന്ത്രിയെ തെരുവിലൂടെ ഓടിച്ചിട്ട് തല്ലി പ്രക്ഷോഭകര്‍; വീഡിയോ
തിങ്കളാഴ്ച രാവിലെയാണ് പ്രതിഷേധം ആരംഭിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സെപ്റ്റംബർ 4 മുതൽ ബ്ലോക്ക് ചെയ്യാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്താണ് പുതുതലമുറ തെരുവിൽ ഇറങ്ങിയത്. പ്രതിഷേധം അക്രമാസക്തമാവുകയും നേപ്പാള്‍ പാര്‍ലമെന്‍റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും അടക്കം പ്രക്ഷോഭകര്‍ തീയിടുകയും ചെയ്തു. നിലവിൽ ശർമ ഒലിയെ സൈനിക ഹെലികോപ്റ്ററിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രക്ഷോഭകാരികൾ പിടിച്ചെടുത്ത പാര്‍ലമെന്റ് മന്ദിരത്തിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാൻ സുരക്ഷാസേന നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

