
ഗാസ നഗരത്തിന്‍റെ നിയന്ത്രണം സൈന്യത്തിന് ഏറ്റെടുക്കുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ച പദ്ധതി ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചു. ഹമാസിനെ തുരത്തുന്നതിന്റെ ഭാഗമായി നഗരം പിടിക്കുന്നതിനൊപ്പം, ‘സാധാരണക്കാർക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നതിന്’ വേണ്ടി കൂടിയാണ് തങ്ങളുടെ ഈ നടപടിയെന്നാണ് ഇസ്രയേലിന്‍റെ വിചിത്ര വാദം.
ഹമാസിന്‍റെ നിരായുധീകരണം, ബന്ദി മോചനം എന്നിവക്കൊപ്പം ഗാസ മുനമ്പ് സൈനികവത്കരിക്കുക, ഹമാസോ പലസ്തീൻ അതോറിറ്റിയോ അല്ലാത്ത തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭരണകൂടം സ്ഥാപിക്കൽ തുടങ്ങിയ അജണ്ടകളും സുരക്ഷാ മന്ത്രിസഭ വോട്ടിങ്ങിനിട്ട് പാസാക്കി. ഗാസ മുനമ്പിലെ സുരക്ഷാ നിയന്ത്രണം മുഴുവൻ ഇസ്രയേലി സേനക്ക് കീഴിൽ കൊണ്ടുവരാനും തീരുമാനമെടുത്തിട്ടുണ്ട്.
ALSO READ; ഇന്ത്യക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയ യുഎസ് നടപടി; ട്രംപിനെതിരെ ആഞ്ഞടിച്ച് ചൈനീസ് അംബാസഡർ
2023 ഒക്ടോബർ മുതൽ 61,000-ത്തിലധികം പലസ്തീനികളെയാണ് ഇസ്രയേൽ സേന ബോംബിട്ടും വെടിവെച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയത്. ലക്ഷക്കണക്കിന് ആളുകൾക്ക് ഗാസയിൽ നിന്ന് പലായനം ചെയ്യേണ്ടിയും വന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ ആഴ്ചകളിൽ മാത്രം ഏകദേശം 200 പേർ ഇതിനകം മരിച്ചു കഴിഞ്ഞു. ഇതിനൊക്കെ പുറമെയാണ് ഗാസയിൽ മൊത്തം സൈന്യത്തെ ഇറക്കി തങ്ങളുടെ ഉരുക്കുമുഷ്ടിക്ക് കീഴിൽ കൊണ്ടുവരാൻ ഇസ്രയേൽ തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ ‘നിങ്ങൾക്ക് ഇനി നിയന്തിക്കാനും കയ്യടക്കാനും ഒന്നും ബാക്കിയില്ല’ എന്നാണ് ഗാസയിൽ നിന്നുള്ള മെയ്‌സ അൽ-ഹൈല പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


