
പലസ്തീൻ ജനതയുടെ ജീവിതത്തിന് മേൽ കരിനിഴൽ വീഴ്ത്തിയതിന് പിന്നാലെ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഇപ്പോൾ ഇറാനിലെ കുഞ്ഞുങ്ങളെ ലക്ഷ്യം വയ്ക്കുകയാണ്. ആണവ നയങ്ങളുടെ പേരുപറഞ്ഞാണ് ആക്രമണം നടത്തുന്നതെങ്കിലും, യഥാർത്ഥത്തിൽ ഇറാനിലെ വളർന്നുവരുന്ന തലമുറയെ ഇല്ലാതാക്കുക എന്ന ബോധപൂർവമായ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഈ നീക്കങ്ങൾ നടക്കുന്നത്.
തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ ഒരു പെൺപള്ളിക്കൂടത്തിന് നേരെ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇതുവരെ അമ്പതിലധികം വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ 170 കുട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്, ഇതിൽ 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ ആശങ്കപ്പെടുന്നു. മിനാബിലെ സ്കൂളിന് പുറമെ മറ്റൊരു വിദ്യാലയത്തിന് നേരെയും ആക്രമണം ഉണ്ടായതായി വിവരങ്ങളുണ്ട്.
ഗാസയിൽ ഇസ്രയേൽ നടപ്പിലാക്കിയ അതേ വംശഹത്യയുടെ തുടർച്ചയായാണ് ഇറാനിലെ ഈ ആക്രമണങ്ങളെയും കാണുന്നത്. 2023 ഒക്ടോബർ മുതൽ പലസ്തീനിൽ ഇസ്രയേൽ നടത്തിയ കൂട്ടക്കുരുതിയിൽ ഒന്നരലക്ഷത്തോളം പേർ കൊല്ലപ്പെട്ടതിൽ 20,000-ത്തോളം പേരും കുട്ടികളായിരുന്നു. ഇതിൽ ആയിരത്തോളം പേർ നവജാതശിശുക്കളാണ് എന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.
ബോംബ്, മിസൈൽ ആക്രമണങ്ങൾക്ക് പുറമെ ഗാസയെ പൂർണ്ണമായി ഉപരോധിച്ചും പട്ടിണിക്കിട്ടുമാണ് ഇസ്രയേൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത്. ഒരു ജനതയുടെ വംശത്തെ തന്നെ പൂർണ്ണമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെതന്യാഹുവും ട്രംപും ചേർന്ന് നടത്തുന്ന ഈ യുദ്ധവെറിയുടെ ഇരകളായി ഇപ്പോൾ ഇറാനിലെ കുരുന്നുകളും മാറിക്കൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


