
ലണ്ടനിലെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് നടത്തിയ ഓണാഘോഷം, നാടിൻ്റെ നന്മകളും ഗൃഹാതുരത്വമുണർത്തുന്ന കലാ-കായിക പരിപാടികളും കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 6-ന് ബാർക്കിങ്ങിലെ സെന്റ് തോമസ് മോർ കാത്തലിക് ചർച്ച് പാരിഷ് ഹാളിലും പരിസരത്തുമായാണ് പരിപാടികൾ നടന്നത്. നൂറുകണക്കിന് ആളുകളാണ് ഈ ഓണാഘോഷത്തിൽ പങ്കെടുത്തത്.
ഓണാഘോഷത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന വർണാഭമായ ഓണപ്പൂക്കളം, ഗൃഹാതുരത്വം ഉണർത്തുന്ന കായിക മത്സരങ്ങൾ, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര , യൂണിറ്റ് അംഗങ്ങളുടെ സംഗീതനിശ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഉച്ചയ്ക്ക് 12:30-ന് ആരംഭിച്ച വിഭവസമൃദ്ധമായ ഓണസദ്യയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 350-ഓളം പേർ പങ്കെടുത്തു. 27 കൂട്ടം വിഭവങ്ങളുണ്ടായിരുന്ന സദ്യ വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. തുടർന്ന് നടന്ന കേരളത്തനിമയാർന്ന നാടൻ കലാരൂപങ്ങൾ സദസ്സിന് ദൃശ്യ വിരുന്നൊരുക്കി . വൈകീട്ട് 7 മണി മുതൽ നടന്ന സംഗീത സന്ധ്യയും ഈസ്റ്റ് ലണ്ടൻ കണ്ട ഏറ്റവും വലിയ ഓണാഘോഷത്തിന് ആവേശം പകർന്നു.
Also read: നേപ്പാൾ കലാപം; ഹെൽപ് ഡെസ്ക്ക് തുടങ്ങി നോർക്ക
കൈരളി ദേശീയ കമ്മറ്റി അംഗങ്ങളായ നവീൻ ഹരി (നാഷണൽ സെക്രട്ടറി), സൈജു (നാഷണൽ ട്രഷറർ), അനുമോൾ (നാഷണൽ ജോയിന്റ് സെക്രട്ടറി), MAUK ചെയർപേഴ്സൺ ശ്രീജിത്ത് ശ്രീധരൻ, പ്രശസ്ത എഴുത്തുകാരൻ മണമ്പൂർ സുരേഷ്, ലോക കേരള സഭാംഗം വിശാൽ ഉദയകുമാർ, എഐസി നാഷണൽ കമ്മിറ്റി അംഗം ശ്രീമതി പ്രീത് ബൈൻസ് തുടങ്ങിയവരുടെ സാന്നിധ്യം ഈ ആഘോഷത്തിനു മാറ്റു കൂട്ടി.
പ്രസിഡൻ്റ് നിതിൻ രാജ്, സെക്രട്ടറി അനസ് സലാം, ട്രഷറർ ലൈലജ് എന്നിവരുടെ നേതൃത്വവും ഒപ്പം ഓരോ അംഗത്തിൻ്റെയും കൂട്ടായ പരിശ്രമവുമാണ് ഈ പരിപാടിയുടെ വിജയത്തിന് അടിസ്ഥാനം. ഈ വിജയത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും, ആത്മാർത്ഥമായി പങ്കുചേർന്ന ഓരോ അതിഥിക്കും, പിന്തുണ നൽകിയ സ്പോൺസർമാർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

