
അതിർത്തി സംഘർഷം വീണ്ടും രൂക്ഷമായതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ആശങ്കാജനകമായി തന്നെ തുടരുകയാണ്. കാബൂൾ ഉൾപ്പെടെയുള്ള താലിബാന്റെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. അതിർത്തിപ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കമെന്നു പാകിസ്ഥാൻ വിശദീകരിച്ചു.
വ്യോമാക്രമണങ്ങൾക്ക് പിന്നാലെ അഫ്ഗാൻ പക്ഷം ശക്തമായ സൈനിക നീക്കം ആരംഭിച്ചതായി അറിയിച്ചു. മുൻ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെട്ടുവെന്ന അവകാശവാദവും അഫ്ഗാൻ അധികൃതർ ഉന്നയിച്ചു. അതേസമയം, പാകിസ്ഥാനിൽ അടുത്തിടെ നടന്ന ചാവേർ ആക്രമണങ്ങളുടെ പിന്നിൽ തഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) സംഘവും ഐഎസ് അനുബന്ധ സംഘടനയായ ഐഎസ്‌കെപിയും പ്രവർത്തിച്ചുവെന്നു ഇസ്‌ലാമാബാദ് ആരോപിച്ചു.അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ ഭീകരരാണ് പാകിസ്ഥാനിലെ ആക്രമണങ്ങൾക്ക് പിന്നിലെന്നും ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. ഇതാണ് തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് കാരണമായതെന്നും അവർ വ്യക്തമാക്കി.
Also read: അമേരിക്കയിൽ നാല് വയസുകാരിയുടെ മരണം; ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മയ്ക്കെതിരെ കൂടുതൽ തെളിവുകൾ
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികരും ആയുധധാരികളും സാധാരണ പൗരന്മാരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും സമാധാന ധാരണയിൽ എത്തിയെങ്കിലും പുതിയ ആക്രമണങ്ങൾ ബന്ധം വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിർത്തി മേഖലയിൽ സ്ഥിതി രൂക്ഷമായി തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

