200ൽ അധികം താലിബാന്‍ സൈനികരെ വധിച്ചു, 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും പിടിച്ചെടുത്തു; അവകാശവാദവുമായി പാകിസ്ഥാൻ

അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200-ലേറെ താലിബാന്‍ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ. അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും ഇവർ പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.

സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാകിസ്ഥാൻ അടച്ചു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാൻ നൽകിയിരിക്കുന്നത്. പാകിസ്ഥാനെതിരെ പോരാടുന്ന തെഹ്‌രീക്ക് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നു പാക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ്, അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. അതേസമയം, പാകിസ്ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു.

ALSO READ: കൊല്ലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണു താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടന്നു. വ്യാഴാഴ്ചയാണ് കാബൂളിലെ രണ്ടിടങ്ങളിലടക്കം അഫ്ഗാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ സ്ഫോടനങ്ങളുണ്ടായത്. ഇതിനുപിന്നില്‍ പാകിസ്ഥാൻ ആണെന്നാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ആരോപണം. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും താലിബാന്‍ ആരോപിച്ചിരുന്നു. എന്നാല്‍, അഫ്ഗാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്ഥാൻ ഇതുവരെ ഏറ്റെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News