
സിംഗപ്പുർ സിറ്റി: പലസ്തീൻ അനുകൂല പ്രകടനം സംഘടിപ്പിച്ചെന്ന കേസിൽ വിചാരണ നേരിട്ട മൂന്ന് വനിതകളെ സിംഗപ്പുർ കോടതി വെറുതെവിട്ടു. നിയമവിരുദ്ധമായി മാർച്ച് നടത്തിയെന്ന് ആരോപിച്ചാണ് സിതി അമീറ മുഹമ്മദ് അസ്‌റോറി, കോകില അണ്ണാമലൈ, മൊസമ്മദ് സോബികുൻ നഹാർ എന്നിവർക്കെതിരെ കേസെടുത്തത്. സിംഗപ്പുരിൽ ഇത്തരം കേസുകളിൽ മിക്കതും ശിക്ഷിക്കപ്പെടുകയാണ് പതിവ്. എന്നാൽ മതിയായ തെളിവില്ലെന്ന് കാട്ടിയാണ് മൂന്ന് പേരെ വെറുതെവിട്ടത്.
2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാസയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിലാണ് മൂന്ന് വനിതകൾ പ്രകടനം നടത്തിയത്. ഇസ്രായേലുമായുള്ള ബന്ധം സിംഗപ്പുർ വിച്ഛേദിക്കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് നടത്തിയ പ്രകടനത്തിൽ 70 പേർ പങ്കെടുത്തിരുന്നു. ഈ പ്രകടനത്തിന് നേതൃത്വം നൽകിയത് സിതി അമീറ മുഹമ്മദ് അസ്‌റോറി, കോകില അണ്ണാമലൈ, മൊസമ്മദ് സോബികുൻ നഹാർ എന്നിവരായിരുന്നു.
ഇത്തരത്തിൽ നിയമവിരുദ്ധമായി നടത്തുന്ന പ്രകടനങ്ങൾക്കെതിരെ സിംഗപ്പുരിൽ കടുത്ത നടപടി ഉറപ്പായിരുന്നു. കോടതിയിൽ ഇത്തരത്തിൽ എത്തുന്ന കേസുകളിൽ 97 ശതമാനവും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സിതി അമീറ മുഹമ്മദ് അസ്‌റോറി, കോകില അണ്ണാമലൈ, മൊസമ്മദ് സോബികുൻ നഹാർ എന്നിവർക്കെതിരെ ചുമത്തിയ കുറ്റം അനുസരിച്ച് ആറ് മാസം വരെ തടവും വലിയ തുക പിഴയും ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇവരെ വെറുതെവിട്ട കോടതി നടപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജഡ്ജി ജോൺ എങാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.
പ്രസിഡന്റിന്റെ വസതിയ്ക്ക് ചുറ്റുമുള്ള നിരോധിത മേഖലയിലൂടെയാണ് തങ്ങൾ നടക്കുന്നതെന്ന് കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് അറിയാമായിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ആ പ്രദേശത്ത് നിരോധിത മേഖലയാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

