
വിമാനത്തിൽ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഇറച്ചി അടങ്ങിയ ഭക്ഷണം കഴിക്കാൻ നിർബന്ധിതനായ 85-കാരനായ യാത്രക്കാരൻ ശ്വാസംമുട്ടി മരിച്ചു. ദക്ഷിണ കാലിഫോർണിയയിൽ നിന്നുള്ള റിട്ട. കാർഡിയോളജിസ്റ്റ് ഡോ. അശോക ജയവീരയാണ് (Dr. Asoka Jayaweera) വിമാനത്തിൽ വെച്ച് മരണപ്പെട്ടത്.
2023 ജൂൺ 30-ന് ലോസ് ഏഞ്ചൽസിൽ നിന്ന് കൊളംബോയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. 15.5 മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്രക്കായി ഡോ. ജയവീര വെജിറ്റേറിയൻ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്തിരുന്നു. എന്നാൽ, വിമാനത്തിലെ ജീവനക്കാർക്ക് ഈ ഭക്ഷണം നൽകാൻ സാധിച്ചില്ല. പകരം, അദ്ദേഹത്തിന് ഇറച്ചി അടങ്ങിയ സാധാരണ ഭക്ഷണം നൽകുകയും, അതിലെ ഇറച്ചി ഒഴിവാക്കി കഴിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇങ്ങനെ ഇറച്ചി ഒഴിവാക്കി കഴിക്കാൻ ശ്രമിക്കുന്നതിനിടെ ജയവീരക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ബോധരഹിതനാവുകയും ചെയ്തു. വിമാനത്തിലെ ജീവനക്കാർ വൈദ്യസഹായം നൽകാൻ ശ്രമിക്കുകയും ‘മെഡ്എയറിൽ’ (MedAire) നിന്നുള്ള വിദൂര മെഡിക്കൽ ഉപദേഷ്ടാക്കളുമായി ബന്ധപ്പെടുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ നില വഷളായി.
തുടർന്ന്, വിമാനം സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ അടിയന്തരമായി ഇറക്കി. ഡോ. ജയവീരയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 2023 ഓഗസ്റ്റ് 3-ന് മരണം സ്ഥിരീകരിച്ചു. ഭക്ഷണത്തിന്റെയോ ദ്രാവകത്തിന്റെയോ അംശം അബദ്ധത്തിൽ ശ്വാസകോശത്തിൽ പ്രവേശിച്ചതുമൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയായ ആസ്പിരേഷൻ ന്യൂമോണിയ (aspiration pneumonia) ആയിരുന്നു മരണകാരണം.
ഭക്ഷണ വിതരണത്തിൽ വന്ന അശ്രദ്ധയും (negligence) അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണത്തിലെ വീഴ്ചയും ആരോപിച്ച് ജയവീരയുടെ മകൻ സൂര്യ ജയവീര (Surya Jayaweera) ഖത്തർ എയർവേയ്‌സിനെതിരെ ‘തെറ്റായ മരണത്തിന്’ (wrongful death) കേസ് ഫയൽ ചെയ്തിരിക്കുകയാണ്. നഷ്ടപരിഹാരമായി നിയമപരമായ ഏറ്റവും കുറഞ്ഞ തുകയായ 128,821 ഡോളറാണ് (ഏകദേശം 1.07 കോടി രൂപ) മകൻ ആവശ്യപ്പെടുന്നത്.
ഖത്തറും അമേരിക്കയും അംഗങ്ങളായ മോൺട്രിയൽ കൺവെൻഷൻ (Montreal Convention) എന്ന അന്താരാഷ്ട്ര ഉടമ്പടി പ്രകാരമാണ് കേസ്. വിമാനത്തിൽ വെച്ചുണ്ടാകുന്ന മരണങ്ങൾക്കും പരിക്കുകൾക്കുമുള്ള നഷ്ടപരിഹാരം ഏകദേശം 175,000 ഡോളറായി ഈ ഉടമ്പടി പരിമിതപ്പെടുത്തുന്നു. ഈ വിഷയത്തിൽ, ഖത്തർ എയർവേയ്‌സ് കുടുംബത്തെ അനുശോചനം അറിയിക്കുകയും അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.
യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണ നിയന്ത്രണങ്ങൾ (dietary restrictions) പാലിക്കുന്നതിൽ വിമാനക്കമ്പനികൾക്ക് ഉണ്ടാകുന്ന വീഴ്ചകളെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇത് ആദ്യമായല്ല ഖത്തർ എയർവേയ്‌സിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഗുരുതരമായ നട്സ് അലർജിയുള്ള ബ്രിട്ടീഷ് റിയാലിറ്റി താരമായ ജാക്ക് ഫൗളർക്ക് (Jack Fowler) കഴിഞ്ഞ വർഷം ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നട്സ് ചേർത്ത കറി നൽകിയതിനെ തുടർന്ന് അപകടകരമായ അവസ്ഥയുണ്ടായിരുന്നു. സമാനമായി, സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ സീ ഫുഡ് അലർജിയുള്ള സ്ത്രീക്ക് ചെമ്മീൻ നൽകിയതിനെ തുടർന്ന് വിമാനം പാരീസിലേക്ക് തിരിച്ചുവിട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

