
തോക്കിന് നിയന്ത്രണമില്ലാത്ത യുഎസിൽ വെടിവെപ്പിനും അറുതിയില്ല. ശനിയാഴ്ച പരീക്ഷകൾ നടക്കുന്നതിനിടെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർവകലാശാലയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് കറുത്ത വസ്ത്രം ധരിച്ച തോക്കുധാരി ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ആക്രമണം നടത്തിയ ആളിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി പൊലീസും ഫെഡറൽ ഏജൻസികളും വ്യാപക തെരച്ചിൽ തുടരുകയാണ്. കുറ്റവാളി പിടിയിലായിട്ടില്ലാത്തതിനാൽ ക്യാമ്പസിന് സമീപം താമസിക്കുന്നവരോട് അധികൃതർ ഒരുക്കിയിട്ടുള്ള ഷെൽട്ടറിൽ അഭയം തേടണമെന്ന് പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്മൈലി ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവെപ്പിൽ പരുക്കേറ്റ എട്ട് പേരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് റോഡ് ഐലൻഡ് ആശുപത്രി വക്താവ് കെല്ലി ബ്രെന്നൻ അറിയിച്ചു.
എഞ്ചിനീയറിംഗ് ഡിസൈൻ പരീക്ഷകൾ നടക്കവേയാണ് നൂറുകണക്കിന് ലാബുകൾ അടക്കമുള്ള സംവിധാനങ്ങൾ അടങ്ങിയ ഏഴുനില കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. പലരും ലാബുകളിലെയും ക്ലാസുകളിലെയും മേശകൾക്കടിയിലും ഷെൽഫിലും കയറി ഇരുന്നാണ് വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ടത്.
എന്നാൽ, “ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇരകൾക്കായി പ്രാർത്ഥിക്കുക മാത്രമാണ്” എന്നാണ് വിഷയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഈ വർഷം തന്നെ അമേരിക്കൻ സർവകലാശാലകളിൽ ഉണ്ടാകുന്ന നാലാമത്തെ വെടിവെപ്പാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

