
ലോകത്ത് ആദ്യമായി അണുബോംബ് വികസിപ്പിച്ചെടുത്ത രാജ്യം അമേരിക്കയാണ്. രണ്ടാം ലോകയുദ്ധത്തിൽ അവരത് ജപ്പാന് മുകളിൽ പ്രയോഗിക്കുകയും ചെയ്തു; ഒന്നല്ല രണ്ടു തവണ. അതോടെ ന്യൂക്ലിയർ ബോംബുകൾ മാനവരാശിക്ക് എത്ര മാത്രം ഭീഷണി സൃഷ്ടിക്കുന്ന ആയുധമാണെന്നും നമ്മൾ തിരിച്ചറിഞ്ഞു. അവസാനമായി ഒരു രാജ്യം ഒരു യുദ്ധത്തിൽ അല്ലെങ്കിൽ ജനവാസ മേഖലയിൽ ആണവായുധം പ്രയോഗിച്ചതും ജപ്പാനിലെ ആക്രമണത്തിൽ മാത്രമാണ്. എന്നാൽ അണ്വായുധമെന്ന ആശയം ലോകത്തിന് മുന്നിൽ കൊണ്ടുവന്ന അമേരിക്ക, ഒരിക്കൽ അബദ്ധത്തിൽ സ്വന്തം ജനതയുടെ മുകളിൽ അണുബോംബിട്ട കഥ എല്ലാവർക്കും അറിയില്ല.
ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് 1958 മാർച്ച് 11 നായിരുന്നു വൻദുരന്തമായേക്കാമായിരുന്ന അത് സംഭവിച്ചത്. ഒരു B-47 സ്ട്രാറ്റോജെറ്റ് ബോംബർ ജോർജിയയിൽ നിന്ന് യുകെയിലേക്ക് പരിശീലനത്തിനായി പറക്കുകയായിരുന്നു. 7,600 പൗണ്ട് ഭാരമുള്ള മാർക്ക് 15 എന്ന വമ്പൻ ന്യൂക്ലിയർ ബോംബും ഉദരത്തിൽ വഹിച്ചാണ് വിമാനം ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
ALSO READ; അമേരിക്ക ചുമത്തിയ അധിക തീരുവ രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ആശങ്ക
പറക്കുന്നതിനിടയിൽ, എയർ പോക്കറ്റിൽ വീണ ബോംബർ നന്നായൊന്ന് കുലുങ്ങി. വിമാനം ഉലഞ്ഞ സമയത്ത് ക്രൂ മെമ്പറിൽ ഒരാൾ ബോംബിന്‍റെ റിലീസ് മെക്കാനിസത്തിൽ ചാരി നിന്ന് പരിശോധിക്കുന്നുണ്ടായരുന്നു. ഉലച്ചിലിൽ അയാൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബോംബ് റിലീസ് ആയി താഴേക്ക് പോവുകയും ചെയ്തു. വിമാനത്തിനുള്ളിലെ എല്ലാവരുടെയും ഹൃദയമിടിപ്പ് നിലച്ച നിമിഷം.
സൗത്ത് കരോലിനയിലൂടെയായിരുന്നു വിമാനം പറന്നു കൊണ്ടിരുന്നത്. സൗത്ത് കരോലിനയിലെ മാർസ് ബ്ലഫെന്ന ജനവാസകേന്ദ്രത്തിലാണ് ആ വമ്പൻ ആറ്റംബോംബ് പതിച്ചത്. ഭാഗ്യവശാൽ ആണവ ഭാഗം സജീവമാകാത്തതിനാൽ ബോംബ് പൊട്ടിത്തെറിച്ചില്ല. പക്ഷേ അതിനുള്ളിൽ ഉണ്ടായിരുന്ന സാധാരണ സ്ഫോടകവസ്തുക്കൾ നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിൽ പൊട്ടിത്തെറിച്ചു.
സ്ഫോടനത്തിൽ 35 അടി ആഴവും 75 അടി വീതിയുമുള്ള ഒരു വലിയ ഗർത്തം രൂപപ്പെട്ടു. പൊട്ടിത്തെറിയിൽ വാൾട്ടർ ഗ്രെഗ് എന്നയാളുടെ വീട് തകരുകയും ഭാര്യയ്ക്കും കുട്ടികൾക്കും പരിക്കേൽക്കുകയും ചെയ്തു. ബോംബിൽ 30 കിലോ ടൺ സ്ഫോടന ശേഷിയുള്ള ആണവവസ്തുവായിരുന്നു ഉണ്ടായിരുന്നത്. അത് സജീവമാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തിതിരുന്നെങ്കിൽ അഞ്ച് മൈൽ അകലെയുള്ള ഫ്ലോറൻസ് പട്ടണം പൂർണ്ണമായും തകർന്ന് ധൂളിപടലമാകുമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
മാർസ് ബ്ലഫ് അപകടത്തിന് ഒരു മാസം മുമ്പ്, ജോർജിയയിലെ ടൈബി ദ്വീപിനടുത്ത് ഒരു യുഎസ് ബോംബർ വിമാനം അബദ്ധത്തിൽ ഒരു ഹൈഡ്രജൻ ബോംബ് വെള്ളത്തിലേക്ക് ഇട്ടിരുന്നു. ഒരു പരിശീലനത്തിനിടെ ബോംബർ വിമാനം മറ്റൊരു യുദ്ധവിമാനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. വെള്ളത്തിൽ വീണത് കൊണ്ട് അപകടം സംഭവിച്ചില്ല. അത് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഹിരോഷിമ ബോംബിനേക്കാൾ 100 മടങ്ങ് ശക്തമായ ഒരു ആണവ സ്ഫോടനത്തിന് കാരണമാകുമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം അപകടങ്ങൾക്ക് ശേഷമാണ് പരിശീലന വിമാനങ്ങളിൽ ആണവ ബോംബുകൾ കൊണ്ടുപോകുന്നത് നിർത്താൻ സൈന്യം തീരുമാനമെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

