
പാകിസ്താനിലെ ഇസ്ലാമാബാദിൽ വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനിടെ ഷിയാ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണിലുള്ള തർലായ് ഇമാംബർഗയിലാണ് പൊട്ടിത്തെറി നടന്നത്. സ്‌ഫോടനത്തിൽ 80 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം നടന്നത് ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
പരുക്കേറ്റവരെ ഉടൻ തന്നെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (PIMS) പോളിക്ലിനിക്കിലേക്കും ചികിത്സയ്ക്കായി മാറ്റി. പിംസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വക്താവ് അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ പള്ളിക്ക് സമീപത്തുള്ള കെട്ടിടങ്ങൾ അടക്കം തകർന്നു.
ALSO READ; പ്രാവുകൾക്ക് തീറ്റ നൽകി; സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ 71 കാരിക്ക് 2.26 ലക്ഷം രൂപ പിഴ
നാട്ടുകാരും ഇരകളുടെ കുടുംബാംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരെ കെട്ടിടാവശിഷ്ടങ്ങളിൽ തിരയുന്ന ഹൃദയഭേദകമായ വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
ആറുമാസത്തിനിടെ ഇസ്ലാമാബാദിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ വർഷം നവംബറിൽ ഇസ്ലാമാബാദ് കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 25-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

