
മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമാണ് ജലം. അതില്ലാത്ത അവസ്ഥ ഭയാനകമാണ്. നൂറ്റാണ്ടിലെ അതികഠിനമായ വരൾച്ച കാരണം ഇറാൻ കടന്നുപോകുന്നത് അത്തരമൊരു അവസ്ഥയിലൂടെയാണ്. ശരത്കാലം ഇറാനിൽ മഴക്കാലത്തിന്റെ ആരംഭമാണ്, പക്ഷെ ഇപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒരു തുള്ളി വെള്ളം കണ്ടിട്ട് നാളുകൾ ഏറെയായി. ജലസംഭരണികളിൽ ഏറെയും വരണ്ടിരിക്കുന്നു, തലസ്ഥാനമായ ടെഹ്‌റാൻ അഭിമുഖീകരിക്കാൻ പോകുന്നത് പൂർണ്ണമായും വെള്ളമില്ലാത്ത ‘ഡേ സീറോ’യിലേക്കാണ്.
ഈ അവസ്ഥയിൽ ഏകദേശം 15 മില്ല്യൺ ജനങ്ങൾ വസിക്കുന്ന മെട്രോ സിറ്റിയായ തലസ്ഥാനത്തെ മാറ്റുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്‌കിയൻ ഈ പദ്ധതിയെ ഇപ്പോൾ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്.
Also Read: വെനസ്വേലക്കെതിരായ യുഎസ് സൈനിക നടപടി ആസന്നം: ലോകം യുദ്ധഭീതിയിൽ
വരൾച്ചക്കൊപ്പം ടെഹ്‌റാന്റെ അനിയന്ത്രിതമായ വികാസം വായുമലിനീകരണം, ഗതാഗത കുരുക്ക് എന്നീ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. അതിലുപരി ഭൂകമ്പത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വളരെ വൈകാതെ ടെഹ്‌റാൻ വാസയോഗ്യമല്ലാത്ത ഒരിടമാകുമെന്ന് നവംബർ 2025ൽ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. സബ്‌സിഡി നിരക്കിൽ ജല ഊർജ്ജ വിഭാഗത്തിലേയ്ക്ക് അമിതമായി ജലം ഉപയോഗിക്കേണ്ടി വന്നതും ഒരു കാരണമാണ്. ഭൂഗർഭ ജലസ്രോതസ്സുകളുടെ അഭാവവും ഇറാൻ നേരിടുന്ന പ്രശ്‌നമാണ്.
ടെഹ്‌റാനിൽ സാമ്പത്തികമായും തൊഴിൽപരമായും കേന്ദ്രീകരണം ഉണ്ടായതോടെ അനിയന്ത്രിതമായ കുടിയേറ്റമുണ്ടായി. ഇത് സമ്പൂർണ്ണമായും സ്ഥിരമായും ഭൂഗർഭജലസ്രോതസ്സുകളുടെ നിലനിൽപ്പിനെ ബാധിച്ചു. 1979 റവല്യൂഷന് ശേഷം ഇറാൻ ഡാമുകൾ നിർമിക്കുകയും കൂടിയതോതിൽ ഹൈഡ്രൂലിക് മിഷൻ ചെയ്യുകയും, നദികളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. വരണ്ടുണങ്ങിയ തടാകം, ലവണ സാന്ദ്രത കൂടുതൽ, ജലസ്രോതസ്സുകളുടെ ശോഷണം എന്നിവ ഇറാനുടനീളം നേരിടുന്നുണ്ട്.
ഇറാൻ അഭിമുഖീകരിക്കുന്ന ജലക്ഷാമത്തെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ വിദഗ്ദർ സൂചന നൽകിയിരുന്നു. 1979-നു ശേഷം ടെഹ്‌റാൻ നേരിടുന്ന ഏറ്റവും വലിയ വരൾച്ചയായിരുന്നു 2025ലെ ശീതകാലം നേരിട്ടത്. മഞ്ഞുപാളികളുടെ ശോഷണവും, കാര്യമായ മഴ ലഭിക്കാതിരുന്നതും പ്രശ്‌നം കൂടുതൽ വഷളാക്കി.
100 മൈലിനപ്പുറത്തുള്ള പ്രദേശങ്ങളിലേക്ക് തലേഖാൻ ഡാമിൽ നിന്നും ജലം എത്തിക്കുന്നതു പോലും ഈ അവസരത്തിൽ അപര്യാപ്തമാണ്. തടങ്ങൾക്കിടയിലൂടെ പൈപ്പുകളിലൂടെ ജലമെത്തിക്കുന്ന രീതിയും ഇറാൻ അവലംബിച്ചിരുന്നു. എന്നാൽ അതൊന്നും സ്ഥിരമായ പരിഹാരങ്ങൾ ആയിരുന്നില്ല.
പ്രസിഡന്റ് ഉന്നയിച്ചതുപോലെ രാഷ്ട്രീയ തലസ്ഥാനം മാറ്റുന്നതുവഴി ജനപ്പെരുപ്പം കുറയുമെന്നോ അമിത ജല ഉപയോഗിക്കുന്നതിന് പരിഹാരമാകുമെന്നതോ സംശയാസ്പദമാണ്. രാജ്യത്തിന്റെ തെക്കുകിഴക്കായി ഒമാൻ ഉൾക്കടലിനോടു ചേർന്നുള്ള ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തെ ഒരു സാദ്ധ്യതയായി പരിഗണിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ പൊതുവായി ‘നഷ്ടപ്പെട്ട പറുദ്ദീസ’ എന്നാണ് അറിയപ്പെടുന്നത്. എന്നാലും തലസ്ഥാനത്തിന് മാറ്റമുണ്ടായാൽ എത്രപേർ അവിടേയ്ക്ക് മാറുമെന്നതിന് ഉറപ്പില്ല.
കുറഞ്ഞ ജല ഉപയോഗമുള്ള കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവന്നു രാജ്യത്തെ ജല ഉപഭോഗത്തെ സമ്പദ് വ്യവസ്ഥയിൽ നിന്നും വേർപ്പെടുത്തിയാൽ മതി. മലിനജലം ശുദ്ധീകരിച്ച് കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുക, ജലം അമിതമായി വേണ്ടി വരുന്ന വിളകൾ കൃഷി ചെയ്യുന്നതിന് പകരം ഇറക്കുമതി ചെയ്യുക, ഇറാന്റെ പരിമിതമായ ഭൂമിയും ജലലഭ്യതയും കണക്കിലെടുത്ത് വിളകൾ ചെയ്യുക തുടങ്ങിയ രീതികൾ അവലംബിക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

