
ഒരു പരമാധികാര രാജ്യത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയും പ്രസിഡന്‍റിനെ തട്ടിക്കൊണ്ട് പോവുകയും ചെയ്ത ശേഷം ‘വെനസ്വേല ഇനി യുഎസ് ഭരിക്കു’മെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ‘ശരിയായ’ ഭരണക്കൈമാറ്റം നടക്കുന്നത് വരെ അമേരിക്കയാണ് ഇനി വെനസ്വേല ഭരിക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. യുഎസ് അനുകൂലിയും വെനസ്വേലൻ പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോയാണ് ട്രംപിന്റെ മനസിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് ഒറ്റ രാത്രി കൊണ്ട് യുഎസ് അട്ടിമറിച്ചത്.
അതേസമയം, മഡൂറോയെയും പങ്കാളി സിലിയ ഫ്ളോറെസിനെയും ന്യൂയോർക്കിലെത്തിച്ചു. ഇന്നലെയാണ്, വെനസ്വേലയിൽ നിന്നും ഇരുവരെയും ബന്ദികളാക്കി യുഎസ് പടക്കപ്പലിൽ യുഎസിലേക്ക് കൊണ്ടുവന്നത്. ന്യൂയോർക്കിലെ ന്യൂബർഗിലുള്ള സ്റ്റ്യുവർട്ട് എയർഫോഴ്‌സ് ബേസിൽ ഇരുവരേയും വഹിച്ചുകൊണ്ടുള്ള വിമാനം ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ALSO READ; വിഭവ സമ്പത്തുള്ള രാജ്യങ്ങളെ കൊളളയടിക്കാൻ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ അധിനിവേശങ്ങൾ
യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍റെ ന്യൂയോർക്ക് ആസ്ഥാനത്തേക്ക് മഡൂറോയെ എത്തിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അവിടുന്ന് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ എത്തിച്ച് തടവിൽ പാർപ്പിക്കുമെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
അതേസമയം, വെനസ്വേലയിലെ യുഎസ് ആക്രമണത്തെയും മഡൂറോയുടെ ബന്ദിയാക്കലിനെയും ഇരുകയ്യും നീട്ടിയാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവും സമാധാന നോബൽ ജേതാവുമായ മരിയ കൊറീന മച്ചാഡോ സ്വീകരിച്ചത്. അമേരിക്കൻ സൈനിക നീക്കത്തെ ആഗോള നീതി എന്ന് വിശേഷിപ്പിച്ച അവർ ‘യുഎസ് വാഗ്ദാനം നിറവേറ്റി’ എന്നും പ്രതികരിച്ചു. മച്ചാഡോയെ അധികാരത്തിലെത്തിച്ച് വെനസ്വേല നിയന്ത്രിക്കാനാണ് യുഎസ് ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

