
കുടിയേറ്റവും എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും തൻ്റെ ഭരണകൂടം കൈവരിച്ച നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ വർഷാവസാന പ്രസംഗത്തിലാണ് അദ്ദേഹം പറഞ്ഞത്. “പതിനൊന്ന് മാസം മുൻപ് ഒരു പ്രശ്നമുണ്ടായി എന്നാല്‍ അത് പരിഹരിച്ചു കൊണ്ടിരിക്കുകയാണ്”. താൻ ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റതിനുശേഷം അതിർത്തി സുരക്ഷിതമാക്കുക,
കുടിയേറ്റം, വില കുറയ്ക്കൽ, സംഘർഷങ്ങള്‍ അവസാനിപ്പിച്ചത്, രാജ്യത്തേക്ക് ഡോളർ കൊണ്ടുവരാൻ താരിഫുകൾ ഏര്‍പ്പെടുത്തിയത്, തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്, കുടിയേറ്റം തടയാനായത് എന്നിവയുൾപ്പെടെയുള്ള കാര്യങ്ങള്‍ തൻ്റെ ഭരണകൂടത്തിൻ്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു.
‘അമേരിക്കയുടെ ശക്തി പുനഃസ്ഥാപിച്ചു, 10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു, ഇറാൻ്റെ ആണവ ഭീഷണിയെ തടഞ്ഞു, ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, 3,000 വർഷത്തിനിടെ ആദ്യമായി മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവന്നു, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും മോചിപ്പിച്ചു’. ട്രംപ് പറഞ്ഞു.
അതേസമയം, സംഘർഷങ്ങളുടെ പേര് ട്രംപ് എടുത്ത് പറഞ്ഞില്ലെങ്കിലും ഇന്ത്യ – പാകിസ്ഥാൻ, തായ്‌ലൻഡ് – കംബോഡിയ, അർമേനിയ – അസർബൈജാൻ, കൊസോവോ- സെർബിയ, ഇസ്രായേല്‍ – ഇറാൻ, ഈജിപ്ത് – എത്യോപ്യ, റുവാണ്ട – കോംഗോ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങൾ അവസാനിപ്പിച്ചതായി അദ്ദേഹം നിരവധി തവണ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

