
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതിനിടെ, അമേരിക്കയിൽ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ സ്വർണശേഖരം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ജർമനിയിൽ ശക്തമാകുന്നു. ജനപ്രതിനിധികളും പ്രമുഖ സാമ്പത്തിക വിദഗ്ധരുമാണ് ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡ് സ്വന്തമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ ചർച്ച വീണ്ടും സജീവമായത്. ലോകത്ത് രണ്ടാമത്തെ വലിയ സ്വർണശേഖരം കൈവശമുള്ള രാജ്യമാണ് ജർമനി. ഏകദേശം 3350 ടൺ സ്വർണമാണുള്ളത്. ഇതിൽ പകുതിയോളം ഫ്രാങ്ക്ഫർട്ടിലായിട്ടുള്ളപ്പോൾ, 37 ശതമാനം — 1,236 ടൺ — ന്യൂയോർക്കിലെ ഫെഡറൽ റിസർവിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശേഷിക്കുന്ന 13 ശതമാനം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുമാണ്. ട്രംപ് എന്തു ചെയ്യുമെന്ന് പറയാൻ കഴിയില്ലെന്നും വരുമാനമുണ്ടാക്കാൻ അദ്ദേഹം എന്തും ചെയ്യുമെന്നും സാമ്പത്തിക വിദഗ്ദർ പറഞ്ഞു.
നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ ഭീഷണികൾ കണക്കിലെടുത്താൽ, ഇത്രയും വലിയ സ്വർണശേഖരം യു.എസിൽ സൂക്ഷിക്കുന്നത് അപകടകരമാണെന്ന് ബുണ്ടെസ് ബാങ്ക് ഗവേഷണ വിഭാഗം മുൻ തലവൻ ഇമ്മാനുവേൽ മോഞ്ച് മുന്നറിയിപ്പ് നൽകി. നയതന്ത്ര സ്വാതന്ത്ര്യം ഉറപ്പാക്കാൻ സ്വർണം രാജ്യത്തേക്ക് തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Also read; ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്; യുഎഇ കറന്‍സികളുടെ വിനിമയ നിരക്ക് റെക്കോർഡില്‍
യൂറോപ്യൻ നികുതിദായകരുടെ സംഘടനകളും സമാന നിലപാടാണ് സ്വീകരിച്ചത്. ട്രംപിന്റെ അനിശ്ചിത നയങ്ങൾ ആശങ്ക വർധിപ്പിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷമായ ഗ്രീൻ പാർട്ടിയും സ്വർണം രാഷ്ട്രീയ സംഘർഷങ്ങളുടെ ഉപകരണമാകരുതെന്ന് ആവശ്യപ്പെട്ടു.അതേസമയം, ഭരണകക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ ഈ വിഷയത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണശേഖരം സുരക്ഷിതമാണെന്ന നിലപാടിലാണ് ജർമൻ കേന്ദ്രബാങ്ക് ഇപ്പോഴുമുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


