
ആദിൽ അബ്ബാസ്
അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി വെനസ്വേലക്ക് മേൽ അമേരിക്ക നടത്തിയ ആക്രമണത്തിനുപിന്നിലുള്ളത് അധിനിവേശ താത്പര്യങ്ങൾ. ലാറ്റിൻ അമേരിക്കയിൽ കാലാകാലങ്ങളായി യു എസ് പുലർത്തുന്ന സാമ്പത്തിക വ്യവസ്ഥാപിത താത്പര്യങ്ങളുടെ തുടർച്ച മാത്രമാണ് വെനസ്വേലയിലും നാം കണ്ടത്.
അമേരിക്കയുടെ ലോകാധിപത്യത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും നേർക്കാഴ്ച്ചയാണ് വെനസ്വേലയിൽ കഴിഞ്ഞ ദിവസം ലോകം കണ്ടത്. മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടമെന്ന വ്യാജേന അമേരിക്ക നടത്തിയ കടന്നുകയറ്റം അവരുടെ കൊളോണിയൽ താത്പര്യങ്ങളുടെ തുടർച്ചമാത്രമാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 1970കളിൽ എണ്ണ മേഖല ദേശസാത്കരണം ആരംഭിച്ച വെനസ്വേലയിൽ ഹ്യൂഗോ ഷാവേസിന്‍റെ വരവോടെ അമേരിക്കൻ കുത്തക കമ്പനികൾക്ക് കടന്നുകയറാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞു. അതിനെ തുടർന്ന് ആരംഭിച്ച അമേരിക്കൻ ഉപരോധങ്ങളുടെയും അട്ടിമറി ശ്രമങ്ങളുടെയും ഒടുവിലെ നടപടിയാണ് നാം ഇപ്പോൾ കണ്ടത്.. ലക്ഷ്യം എണ്ണ ശേഖരം തന്നെ.
കടന്നുകയറ്റത്തിനുപിന്നാലെ അമേരിക്കന്‍ എണ്ണകമ്പനികള്‍ വെനസ്വേലയില്‍ നിന്നും പണമുണ്ടാക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയും മോഷണം പോയ എണ്ണ തിരിച്ചുപിടിക്കും’ എന്ന ജെ.ഡി. വാന്‍സിന്‍റെ പ്രതികരണവും വ്യക്തമാക്കുന്നതും അതുതന്നെയാണ്.
അമേരക്കൻ സാമ്രാജ്യത്വത്തിന് കടന്നുകയറാൻ കഴിയാത്ത രീതിയിൽ വെനസ്വേലയിലെ ധാതുസമ്പത്തിനെ നാളിതുവരെ കാത്തത് ഇടതുപക്ഷ പ്രത്യ്യശാസ്ത്ര അടിത്തറയായിരുന്നു. അതുകൊണ്ട് തന്നെ ഹ്യൂഗോ ഷാവേസിലൂടെ വളർന്ന ആ ആശയത്തിന്‍റെ ഇന്നത്തെ മുഖമായ നിക്കോളാസ് മഡൂറോയെ തകർക്കുക അവരുടെ രാഷ്ട്രീയ ലക്ഷ്യം കൂടിയായിരുന്നു. ഒപ്പം സാമ്പത്തിക ഉപരോധങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് കരുത്തേകിയ ചൈനയുമായുള്ള ബന്ധത്തിന് ലാറ്റിനമേരിക്കയ്ക്കാകെ നേതൃത്വമായി നിന്നതും വെനസ്വേല തന്നെയായിരുന്നു. അമേരിക്കയുടെ മൂക്കിനു താഴെ ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടു വെച്ച് ഒരു രാഷ്ട്രം അതിജീവിക്കുന്നതും ചൈനയുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും അവസാനിപ്പിക്കുക എന്ന സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുക കൂടിയായിരുന്നു അമേരിക്ക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

